02 July 2013

നീ മറ്റെന്തെല്ലാമാണ് കൊണ്ടുവച്ചത്?

നാട്ടുപെണ്ണിന് പച്ചടുപ്പും തുന്നി
തെളിനീര്‍ത്തുള്ളി ച്ചിരിവിടത്തി
വയലരോം ചേര്‍ന്നൊഴുകിയ 
പുഴയുടെ കൈവഴി 
നാട്ടാര് ചൊല്ലും പോലെ തോടല്ല
ചെറുപ്പത്തില്‍ ഞങ്ങള്‍ക്ക് നീ
പുഴതന്നെയായിരുന്നു

മുങ്ങാംകുളിയിട്ട് നീന്തിത്തുടിക്കാനും
മുട്ടോളം വെള്ളത്തില്‍
മീനിനായോടിക്കളിക്കാനും
ആമ്പല്‍ പറിക്കാനും
അലക്കിക്കുളിക്കും പെണ്ണിന്‍റെ
അഴകൊക്കെ കാണാനും
നീയന്നൊഴുകിയത്
ഞങ്ങളുടെ ഹൃദയത്തിലായിരുന്നു

മണ്ണില്‍ കളിച്ചുവിയര്‍ത്തൊരു മേനിയെ 
പൊന്നായ് നീയന്ന് കാത്തിരുന്നു

പിന്നെയെപ്പോഴോ 
മഴകുറഞ്ഞിട്ടോ അണകെട്ടിയിട്ടോ
നിന്നിലെയൊഴുക്കെല്ലാം
പോയ്മറഞ്ഞു

ഞങ്ങള്‍ ജീവിതപ്പുഴയില്‍
നിലകിട്ടാതൊഴുകിയലഞ്ഞു

നീയങ്ങ് മെലിഞ്ഞ് മെലിഞ്ഞ്
മരണത്തോളമെത്തി

ഇടക്ക് ഞാന്‍ കണ്ടു
ചത്തകോഴിയും 
വയറ് വീര്‍ത്ത പട്ടിയും
മലവും മറുപിള്ളയും
ആര്‍ത്തവരക്തം കുടിച്ച 
പാഡും തുണികളും
കൊണ്ട് നീ ശ്വാസം മുട്ടുന്നത്

ഈ പ്രളയകാലത്ത്
വയറിളകിനീയൊഴുകിപ്പരന്നപ്പോ
നിന്‍റെ കഴുത്ത് ഞെരിച്ചവരുടെ മുറ്റത്തേക്ക്
മറ്റെന്തെല്ലാമാണ് കൊണ്ടുവച്ചത്?


21 January 2013

പോസ്റ്റ്മാന്‍

പോസ്റ്റ്മാന്‍ പപ്പന്‍ 
പടിക്കല്‍ നിന്നൊരു
മണിതൊടുക്കും
പടിക്കലേക്കെത്തുംവരെ
എത്രയെത്ര 
പ്രതീക്ഷകളാണ്
കവറിലേക്കൊളിഞ്ഞ്
നോക്കുന്നത്

സ്വപ്നങ്ങള്‍ ചുമക്കും
കുറിമാനങ്ങളെല്ലാം
കാന്തികവലയങ്ങള്‍
കട്ടെടുത്തു

പെരുപ്പിച്ച 
പലിശക്കണക്കിന്‍റെ
ശീട്ട് തരാന്‍ മാത്രമാണിന്ന്
ചുറുചുറുക്കുള്ള മണി മുഴുങ്ങുന്നത്
പടിക്കലേക്കെത്തുംവരെ
എത്രയെത്ര 
കോണുകളിലേക്കാണ്
കണ്ണെത്തിനോക്കുന്നത്?

ആരോടാണ് ചോദിച്ചറിയുക?

ആരുടെ 
ധര്‍മ്മോപദേശം
മദിച്ചതിനാലാണ്
ഈ കൊടിയ ഭാരവുംപേറി
സ്വയം തിരിഞ്ഞും 
പ്രദക്ഷിണം വച്ചും
കാലം തുടരുന്നതെന്ന്
ഭൂമിതന്നച്ചുതണ്ടി-
നോടാരായണം

സ്വയമുരുകി
ഊര്‍ജ്ജം പകര്‍ന്ന്
നിശ്ചലനായി
നിഷ്കാമ കര്‍മ്മമ-
നുഷ്ഠിക്കുന്നതേത്
ധര്‍മ്മനിഷ്ഠ-
കൊണ്ടെന്നര്‍ക്കനോടും
ചോദിച്ചറിയണം

മണ്ണിന്‍റെ
ദാഹമകറ്റും
മഴയോടും ചോദിക്കണം
ഏത് ധര്‍മ്മംപുലര്‍ത്താനാണ്
ഇടവേളകളിലെ-
ത്തിനോക്കുന്നതെന്ന്

അല്പായുസ്സെങ്കിലും
കണ്ണിനാനന്ദം പകര്‍ന്ന്
ചിരിക്കും പൂക്കളോടും
ചോദിക്കണം
ആരാണ് ധര്‍മ്മബോധം
പകര്‍ന്നതെന്ന്

കാറ്റും കമ്പനവും
ക്ഷണനേരം കൊണ്ടൊരു
മണ്‍കൂനയിലേക്ക്
സ്വപ്നങ്ങളെ 
അടക്കം ചെയ്യുന്നത്
ധര്‍മ്മോപദേശത്തിലെ
ഏത് പിഴവ്കൊണ്ടെന്ന്
ആരോടാണ് ചോദിച്ചറിയുക?

പഴകിയ നോട്ട്


മുഷിഞ്ഞ് കറുത്ത്
വിയര്‍പ്പിന്‍റെ ദുര്‍ഗ്ഗന്ധവും പേറി
വേരറ്റ ചെടിയുടെ ഇലപോലെ
തളര്‍ന്നിരുന്നാല്‍
ആരാണ് കൂടെക്കൂട്ടുക?

ചന്തപ്പെണ്ണിന്‍റെ അരക്കെട്ടിലും
വേശ്യകളുടെ മുലകള്‍ക്കിടയിലും
കിടപ്പറക്കരികിലും ഇരുട്ടിലും
കാലം കഴിച്ചൊരടയാളങ്ങള്‍

നിറം മങ്ങിയ നഗരത്തിന്‍റെ
ദ്രവിച്ച് പിന്നിയ ഭാഗത്ത് നിന്നാണീ
തുച്ഛമായ വിലയെന്‍ കൂടെച്ചേര്‍ന്നത്

അതിലെ
സത്യത്തിന്‍റെ കണ്ണുകളില്‍
രോഷത്തിന്‍റെ കനലുകള്‍
ചങ്ങലക്കുള്ളിലെന്നപോല്‍ 
പിടയുന്ന കാണാമായിരുന്നു

വിശപ്പിന് പകരം വക്കുമ്പോഴുള്ളൊ-
രാനന്ദം എവിടെയും കിട്ടിയില്ലത്രെ!

ചതിയുടെ വില ചൂതിനും 
മന്ത്രത്തിന്‍റെ വില മരുന്നിനും 
നേര്‍ച്ചവച്ചത് ലഹരിക്കും
പോയ വഴികള്‍

തെരുവിന്‍റെ പിന്നാമ്പുറങ്ങളില്‍
ചോപ്പ് മാറാത്ത ശരീരങ്ങളില്‍
കഴുകന്മാര്‍ ഭോഗാസക്തിക്കായ്
മറയാക്കുമ്പോള്‍ തന്നിലെ വിലയെ
സദാ ശപിച്ചുകൊണ്ടിരിക്കും

മുഴിഞ്ഞ് കറുത്ത്
വിയര്‍പ്പിന്‍റെ ദുര്‍ഗ്ഗന്ധവും പേറി
വേരറ്റ ചെടിയുടെ ഇലപോലെ
തളര്‍ന്നിരുന്നാല്‍
ഒരു ദുരന്തത്തിനും 
ഇരയാകേണ്ടിവരില്ലെന്നോ?

അതിര്‍ത്തികള്‍

ചരിത്രം 
കറുത്ത മഷിയില്‍ 
മുങ്ങുന്നതിന് മുന്നേ
അടിവയറ്റിലുയര്‍ന്ന
അഗ്നിയാകാം 
അതിര്‍ത്തി വരക്കാന്‍
പഠിപ്പിച്ചത്

വിത്തിലേക്കൊഴുകിവന്ന
ജലത്തിന്‍റെ വഴികളിലല്ല
അത് വാര്‍ന്നുപോകുന്ന വഴികളിലാണ്
വരമ്പുകള്‍ തീര്‍ത്തത്

വരമ്പുകള്‍ 
അതിര്‍വരമ്പുകളായ്
വന്മതിലോളം 
ഉയര്‍ന്നു പൊങ്ങി

വരുന്ന വഴികളെല്ലാം
ഇന്നും മലര്‍ക്കെ
തുറന്ന് വച്ചിരിക്കുകയാണ്

അതിര്‍ത്തികള്‍ വേദനകളാണ്
അതിലെ മുള്ളുകള്‍ 
സ്വയം പറയുന്നതതാണ്

കഴുത്തറ്റം വിരിയുന്ന
ചെമ്പനീര്‍പ്പൂക്കള്‍
അതിര്‍ത്തികള്‍ ഭേദിച്ച്
ആഘോഷങ്ങള്‍ തീര്‍ക്കുന്നുണ്ട്
കണ്ണീരും

കാണുന്നമുള്ളുകള്‍ 
പിഴുതെറിഞ്ഞാലും
വിഷമുള്ളുകളാല്‍
കാണാത്തിടം
നീ വരച്ചുവച്ചിരിക്കുന്ന
അതിര്‍ത്തികള്‍
നമുക്കെങ്ങനെ മായ്ക്കാനാകും ?

H₂O കാണാപ്പാടത്തെ വിത്തുകള്‍

ടാനും കോസും തീറ്റയും
കണക്കുമാഷ് പുഴുങ്ങിത്തരുംന്നേരം
കറുത്തുമേഘം തകര്‍ത്തിറങ്ങിയാല്‍
വീടെത്താനേത് കുടപിടിക്കുമെന്ന 
ഭയമായിരുന്നു മനസ്സു നിറയെ

അതുകൊണ്ടാകും ജീവിതമിപ്പോഴും
ന്യൂനകോണുകളില്‍ തങ്ങിനില്‍ക്കുന്നത്

കുതിച്ചുയരുന്ന ജീവിത-
ച്ചിലവുകളിലാശങ്കവന്നപ്പോള്‍
ചരിത്രമറിയില്ലെന്ന പരിഹാസം കേട്ടത്
സാമൂഹ്യപാഠങ്ങള്‍ ചവച്ചരക്കുമ്പോള്‍
അന്തിക്ക് കള്ള് ബാക്കിവച്ച വിയര്‍പ്പ്
വീതം വക്കുന്ന അച്ചന്‍റെ ചിത്രം 
മനസ്സില്‍ നിന്നതുകൊണ്ടാകാം

കണ്ണില്‍ വിശപ്പ് തിമിരം 
വരച്ചതുകൊണ്ടാകാം
ഒരേ ബെഞ്ചിലിരുന്നവര്‍
ചില പടികള്‍ കയറിപ്പോയത്
കണ്ടിട്ടും കാണാതെ പോയത്

ഏതു ഘട്ടത്തിലാണ് എന്‍റെ 
മുറിപ്പാടത്തിലേക്കൊരു 
പുഴയൊഴുകിവന്നത്?

എങ്കിലും......

ഇന്നും എച്ച്ടുഓ കാണാത്ത
പാടങ്ങളെ അറിയാതെയാണ്
വെള്ളക്കോളര്‍ കര്‍ഷകര്‍
വിത്തുകള്‍ വിഴുങ്ങിത്തുപ്പുന്നത്

വാടകവീട്

ജാലകപ്പുറകിലെ 
ആകാശംപോല്‍ ജീവിതം 
വാടകച്ചീട്ടിന്‍റെ അഴികളില്‍ 
തൂങ്ങിക്കിടക്കുന്നു

അഴികള്‍ മുറിച്ച് 
ഒരുതരിവിണ്ണില്‍
ജീവിതം കുഴിച്ചിട്ട് വളര്‍ത്തണം

നീക്കിയിരുപ്പുകള്‍ക്ക്മേല്‍
നിലനില്‍പിന്‍റെ ഭ്രാന്തന്‍
കരിമഴിനൃത്തമാടുമ്പോള്‍
സ്വപ്നങ്ങളില്‍ 
ഗ്രഹണമഴ പെയ്യുന്നുണ്ട്

പിണങ്ങിക്കിടന്ന വീട്ടുപകരണങ്ങള്‍
തമ്മില്‍പ്പുണര്‍ന്ന് 
വീണ്ടും യാത്രക്കൊരുങ്ങി

തളര്‍വാതംവന്ന അമ്മയും
കയര്‍പാകിയ കട്ടിലും 
യാത്രയില്‍ 
എവിടെ പൊതിഞ്ഞ് വക്കണമെന്ന
ചിന്തയിലായിരുന്നയാള്‍

തെക്കേപ്പുറത്തെ അമ്പിളിമാമനെ
ആര് പൊതിഞ്ഞെടുക്കും?
അമ്മക്കൊക്കത്തിരുന്ന് 
അമ്മുവിന്‍റെ ചോദ്യം

പതിവായെത്തുന്ന 
കറുമ്പിക്കാക്കയുടെ തുറിച്ച്നോട്ടവും 
നാലുമണിപ്പൂച്ചിരിയും 
കുളിര്‍ക്കാറ്റും
പൊതിഞ്ഞ് കെട്ടുന്ന തിരക്കിലായിരുന്ന
അമ്മുവിന്‍റെ ചേച്ചി 
ഈ സമയം
അകത്തേക്കൊന്നെത്തിനോക്കി

_____________________________DK

19 January 2013

പാടങ്ങളകന്ന് പോകാന്‍ മാത്രം
പാഠങ്ങള്‍ പഠിച്ചവരാണ് നാം

കേശഭാരം (ഞാന്‍ കണ്ടെന്‍റെ നാട്ടു കാഴ്ചകള്‍,)


കത്രികലക്വാ തുറന്നടയ്ക്കുന്ന
ക്ളിക് ക്ളിക്
ശബ്ദത്തിന്‍റെ താളത്തില്‍
ഗോപിയേട്ടന്‍
ചരിത്രമോരോന്നും
തുണിയുരിഞ്ഞ് വയ്ക്കുമ്പോള്‍
യുദ്ധക്കളത്തെ സ്മരിക്കുംവിധം
കേശഭാരം നിലത്ത്
ചിതറിക്കിടക്കുന്നുണ്ടാകും

വര്‍ത്താമനാകാല 
വാര്‍ത്തകള്‍ തിന്ന്
കറുത്ത ചരിത്രമൊഴുകുന്ന
യുദ്ധക്കളത്തിലേക്ക്
തലയെടുത്തുവയ്ക്കുവാന്‍
എത്രപേരാണ്
ഒഴിവുദിനങ്ങളില്‍
കാത്തുനില്പുണ്ടാകുക

പൗഡറിട്ട് 
പടിയിറങ്ങുമ്പോള്‍
ഒരു വായനശാലയില്‍
കയറിയിറങ്ങിയ 
അനുഭവമായിരുന്നന്ന്

മകന്‍ 
ഈറനണിഞ്ഞ
വെള്ളമുണ്ടുടുത്ത്
കാക്കയ്ക്ക് 
ചോറ് നല്കുന്ന
കണ്ടപ്പോഴാണ്
ഗോപിയേട്ടനെ
ചരിത്രം കൊണ്ടുപോയ
കഥയറിഞ്ഞത്

വെളുത്തിരിക്കുമ്പം
കറുത്തനാടിന്‍റെ
ചിരിയറിഞ്ഞാലും
അയലത്തെ കരച്ചിലില്‍
കണ്ണെത്തുന്നേയില്ല

"തല കാടുപിടിച്ചല്ലോ!"
ഭാര്യയുടെ ഓര്‍മ്മപ്പെടുത്തല്‍ .....

ഇരകിട്ടാതലറുന്ന
കിളിയൊച്ചപോലെ
ഗോപിയേട്ടന്‍റെ കത്രിക 
മകന്‍റെ കയ്യിലിരുന്ന്
തലയ്ക്കുചുറ്റും
വലംവച്ച് കരയുന്നുണ്ട്

മിന്നിത്തെളിയുന്ന 
ചിത്രങ്ങളില്‍ കാഴ്ച നഷ്ടപ്പെട്ട്
ആള്‍ക്കാര്‍ കാത്തിരിക്കുന്നു

അവന്‍ അടക്കം പറയുന്നു....

എന്‍റെ വാദ്ധ്യാരേ..

നീക്കിയിരിപ്പ് വച്ച്
പുഴയുടെയാഴത്തിലും
മണ്ണിന്‍റ മാറിലും കൈവച്ചാല്‍ 
ഇതുവരെയുള്ള ജീവിതം
തിരുത്തിയെഴുതാം

കാടിറക്കി മടങ്ങുമ്പോള്‍
ചരിത്രം തലയറത്തവരുടെ-
യിടയില്‍ നിന്ന് 
ഗോപിയേട്ടന്‍ 
തിരിച്ച് വിളിക്കുന്നപോലെ

എങ്കിലും
പുഴയുടെയാഴത്തിലും
മണ്ണിന്‍റ മാറിലും
മനസ്സ് കൊരുത്ത് ഞാന്‍ ......

04 January 2013

ബോണ്‍സായ്

തണ്ടില്‍ നിന്നും ചിറം
പൊട്ടിയൊലിച്ചപ്പോഴാണ്
തൈയുടെ പ്രായം
ഭയപ്പെടുത്തിയത്

മാനംമുട്ടെ വളര്‍ന്ന് 
കാറ്റത്തൊന്നുലഞ്ഞാല്‍
കുടുംബത്തോടെ മണ്ണടിയും

വേഗമൊരു ചട്ടിയിലാക്കി
മൂര്‍ച്ചയുള്ള വാക്കുകൊണ്ട്
ചില്ലകളെല്ലാം വെട്ടിയൊതുക്കി

കൊടുംകാറ്റില്‍പ്പോലുമിലയനക്കം
അയലത്തോളമെത്തരുത്

ചിലവേരുകളും സമയംപോലെ
അറുത്തു മാറ്റണം
പരിധിവിട്ട് വളര്‍ന്നാല്‍
താങ്ങാനീച്ചട്ടിക്കുമിടംപോരാ

കായ്കനികള്‍ മൂപ്പെത്തുംമുമ്പേ
കൊത്തിപ്പറിക്കാന്‍
കഴുകന്മാരെവിടെയും
ഒളിഞ്ഞിരിക്കുന്നു

ചില ചില്ലകളെ താഴോട്ടും
ഒതുക്കിയെടുക്കണം
തണ്ടിന്‍റെ നിറവും ഇനവും
ചൂണ്ടി നടക്കുന്നവരുണ്ടത്രെ!

വളര്‍ച്ച മുരടിച്ചാലെന്താ
വിലപറയാത്തെരു തടിയായ്
എന്‍റെ കാഴ്ചവെട്ടത്തുണ്ടാകുമല്ലോ!

പുഴയും ഞാനും

കഴുത്തോളം മുങ്ങിയപ്പോഴാണ്
പുഴയുടെ കരച്ചില്‍ കേട്ടത്

ചിരിതീര്‍ക്കും ഓളങ്ങളാണ്
പുഴപ്പരപ്പിലാദ്യം കണ്ടത്

തലയോളം മുങ്ങിയപ്പോള്‍
കണ്ണീരാലാണ് ഞാനെന്നറിഞ്ഞു
ഒടുവില്‍.....

ഞാന്‍ തീര്‍ത്ത ആഴക്കയങ്ങളില്‍ 
പുഴയും ഞാനുമൊന്നായി.

പ്രതീക്ഷ

ചെറുപ്പത്തില്‍
ചാണകത്തറയില്‍ കിടന്ന്
സ്വപ്നം കാണാന്‍ പഠിപ്പിച്ചത്
ഉടഞ്ഞ ചില്ലിനു പിറകിലെ
വലിയ താടിക്കാരന്‍റെ* കണ്ണിലെ
പ്രതീക്ഷയുടെ തിളക്കമായിരുന്നു

വള്ളിനിക്കറിട്ട് മുറ്റത്തിരുന്നു
രാശികളിക്കുമ്പോള്‍
ഉമ്മറത്തെ ഭിത്തിയില്‍
തലങ്ങുംവിലങ്ങും നോക്കിയിരിക്കുന്ന
പോരാളികളില്‍ കണ്ണുടക്കുമായിരുന്നു
ചിതലിച്ച വീടിനെ
ആ മുഖങ്ങളിലെ ഗൗരവം
‍താങ്ങിനിര്‍ത്തുന്നപോലെ

പുസ്തകം കക്ഷത്തില്‍വച്ച്
ഏട്ടനെത്തേടിവന്ന ചേട്ടന്മാരുടെ
വര്‍ത്തമാനത്തില്‍നിന്നാണ്
അയലത്തെ മാധവേട്ടന്‍ ചെറിയൊരു
ബൂര്‍ഷ്വയാണെന്നറിഞ്ഞത്
അഞ്ചെട്ട് പണിക്കാരും
വാര്‍ക്കസെറ്റും* പോരാഞ്ഞിട്ട്
പത്തുപറനിലവും മാധവേട്ടന്
സ്വന്തമായുണ്ടത്രെ!

മാധവേട്ടന്‍റെ വീട്ടീന്ന്
അധികംവന്നാല്‍ തരുന്ന
തേങ്ങയരച്ചകറിയുടെ മണം
ചത്താലും പോകില്ല

ഓരോ ഓണത്തിനും മാധവേട്ടന്‍റെ 
വീട്ടിലെ കുട്ട്യോള്‍ക്ക്
പുത്തനുടുപ്പുമായെത്തുന്നായാശന്‍റെ*
മോണകാണും നിറചിരി
ഇന്നും മനസ്സിലുണ്ട്

തുണിമുറിച്ച് കൈകുഴഞ്ഞ
ആശാന്‍റെയരികില്‍ ,
കൃഷ്ണഭക്തനായിരുന്ന 
മാധവേട്ടന്‍റെ കനിവ്
അറിയാതെ നീളുമോയെന്ന 
പ്രതീക്ഷയില്‍ മുട്ടുകഴക്കോളം ഞാന്‍ നിന്നത്
ഇപ്പോഴും ഓര്‍മ്മതന്‍ ഹൃദയത്തില്‍
കണ്ണീര്‍ നനയിക്കും

വാറസോപ്പാണ് എല്ലാ ഓണത്തിനും
എന്‍റെയുടുപ്പ് പുത്തനാക്കുന്നത്

അവിടത്തെ കറിയും കിടക്കയും ടെറസ്സും
അന്നുഞാനാ താടിക്കാരന്‍റെ
കണ്ണുകളില്‍ ഇടക്ക്
കാണുമായിരുന്നു

അന്ന് ചോരതിളച്ച്
വീടിന്‍റെ മുറ്റത്ത് തുപ്പല്
തെറിപ്പിച്ചവരെല്ലാം
അതേ കറിയും കിടക്കയും ടെറസ്സും
തേടിയാണ് പൊടിക്കാറ്റ് കൊള്ളാന്‍
കപ്പല് കയറിയത്

പെങ്ങടെ ദീനംമാറാതെ വന്നപ്പോഴാണ്
ഉമ്മറത്ത് പറശ്ശിനിമുത്തപ്പനും
പഴനിമുരുകനും പമ്പാവാസനും
ഇടം പിടിച്ചത്

പൊടിക്കാറ്റേറ്റ് ചുവന്ന് തുടുത്ത്
വന്നവര്‍ നേരിന്‍റെ ചുവരില്ലാത്ത
കളങ്ങളിലേക്കാണ് ചേക്കേറിപ്പോയത്

ഇന്നും അയലത്തേക്ക്
നോക്കിയിരിക്കുന്ന ഇളം കണ്ണുകളില്‍
ഞാനാ താടിക്കരാന്‍റെ കണ്ണുകള്‍ കാണുന്നു
നിങ്ങള്‍ക്ക് ചിരി വന്നേക്കാം
എന്‍റെ ഹൃദയമിപ്പോഴും
കരയുകയാണ്
___________________________________________
താടിക്കാരന്‍ - കാറല്‍മാക്സ്
വാര്‍ക്കസെറ്റ് - 
കോണ്‍ക്രീറ്റ് ജോലിക്കുള്ള മരഉരുപ്പിടികളും മറ്റും
ആശാന്‍ - ചാലിയന്മാര്‍

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...