02 July 2013

നീ മറ്റെന്തെല്ലാമാണ് കൊണ്ടുവച്ചത്?

നാട്ടുപെണ്ണിന് പച്ചടുപ്പും തുന്നി
തെളിനീര്‍ത്തുള്ളി ച്ചിരിവിടത്തി
വയലരോം ചേര്‍ന്നൊഴുകിയ 
പുഴയുടെ കൈവഴി 
നാട്ടാര് ചൊല്ലും പോലെ തോടല്ല
ചെറുപ്പത്തില്‍ ഞങ്ങള്‍ക്ക് നീ
പുഴതന്നെയായിരുന്നു

മുങ്ങാംകുളിയിട്ട് നീന്തിത്തുടിക്കാനും
മുട്ടോളം വെള്ളത്തില്‍
മീനിനായോടിക്കളിക്കാനും
ആമ്പല്‍ പറിക്കാനും
അലക്കിക്കുളിക്കും പെണ്ണിന്‍റെ
അഴകൊക്കെ കാണാനും
നീയന്നൊഴുകിയത്
ഞങ്ങളുടെ ഹൃദയത്തിലായിരുന്നു

മണ്ണില്‍ കളിച്ചുവിയര്‍ത്തൊരു മേനിയെ 
പൊന്നായ് നീയന്ന് കാത്തിരുന്നു

പിന്നെയെപ്പോഴോ 
മഴകുറഞ്ഞിട്ടോ അണകെട്ടിയിട്ടോ
നിന്നിലെയൊഴുക്കെല്ലാം
പോയ്മറഞ്ഞു

ഞങ്ങള്‍ ജീവിതപ്പുഴയില്‍
നിലകിട്ടാതൊഴുകിയലഞ്ഞു

നീയങ്ങ് മെലിഞ്ഞ് മെലിഞ്ഞ്
മരണത്തോളമെത്തി

ഇടക്ക് ഞാന്‍ കണ്ടു
ചത്തകോഴിയും 
വയറ് വീര്‍ത്ത പട്ടിയും
മലവും മറുപിള്ളയും
ആര്‍ത്തവരക്തം കുടിച്ച 
പാഡും തുണികളും
കൊണ്ട് നീ ശ്വാസം മുട്ടുന്നത്

ഈ പ്രളയകാലത്ത്
വയറിളകിനീയൊഴുകിപ്പരന്നപ്പോ
നിന്‍റെ കഴുത്ത് ഞെരിച്ചവരുടെ മുറ്റത്തേക്ക്
മറ്റെന്തെല്ലാമാണ് കൊണ്ടുവച്ചത്?


No comments:

Post a Comment

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...