ചാണകത്തറയില്‍ കിടന്ന്
സ്വപ്നം കാണാന്‍ പഠിപ്പിച്ചത്
ഉടഞ്ഞ ചില്ലിനു പിറകിലെ
വലിയ താടിക്കാരന്‍റെ* കണ്ണിലെ
പ്രതീക്ഷയുടെ തിളക്കമായിരുന്നു
വള്ളിനിക്കറിട്ട് മുറ്റത്തിരുന്നു
രാശികളിക്കുമ്പോള്‍
ഉമ്മറത്തെ ഭിത്തിയില്‍
തലങ്ങുംവിലങ്ങും നോക്കിയിരിക്കുന്ന
പോരാളികളില്‍ കണ്ണുടക്കുമായിരുന്നു
ചിതലിച്ച വീടിനെ
ആ മുഖങ്ങളിലെ ഗൗരവം
താങ്ങിനിര്‍ത്തുന്നപോലെ
പുസ്തകം കക്ഷത്തില്‍വച്ച്
ഏട്ടനെത്തേടിവന്ന ചേട്ടന്മാരുടെ
വര്‍ത്തമാനത്തില്‍നിന്നാണ്
അയലത്തെ മാധവേട്ടന്‍ ചെറിയൊരു
ബൂര്‍ഷ്വയാണെന്നറിഞ്ഞത്
അഞ്ചെട്ട് പണിക്കാരും
വാര്‍ക്കസെറ്റും* പോരാഞ്ഞിട്ട്
പത്തുപറനിലവും മാധവേട്ടന്
സ്വന്തമായുണ്ടത്രെ!
മാധവേട്ടന്‍റെ വീട്ടീന്ന്
അധികംവന്നാല്‍ തരുന്ന
തേങ്ങയരച്ചകറിയുടെ മണം
ചത്താലും പോകില്ല
ഓരോ ഓണത്തിനും മാധവേട്ടന്‍റെ
വീട്ടിലെ കുട്ട്യോള്‍ക്ക്
പുത്തനുടുപ്പുമായെത്തുന്നായാശന്
മോണകാണും നിറചിരി
ഇന്നും മനസ്സിലുണ്ട്
തുണിമുറിച്ച് കൈകുഴഞ്ഞ
ആശാന്‍റെയരികില്‍ ,
കൃഷ്ണഭക്തനായിരുന്ന
മാധവേട്ടന്‍റെ കനിവ്
അറിയാതെ നീളുമോയെന്ന
പ്രതീക്ഷയില്‍ മുട്ടുകഴക്കോളം ഞാന്‍ നിന്നത്
ഇപ്പോഴും ഓര്‍മ്മതന്‍ ഹൃദയത്തില്‍
കണ്ണീര്‍ നനയിക്കും
വാറസോപ്പാണ് എല്ലാ ഓണത്തിനും
എന്‍റെയുടുപ്പ് പുത്തനാക്കുന്നത്
അവിടത്തെ കറിയും കിടക്കയും ടെറസ്സും
അന്നുഞാനാ താടിക്കാരന്‍റെ
കണ്ണുകളില്‍ ഇടക്ക്
കാണുമായിരുന്നു
അന്ന് ചോരതിളച്ച്
വീടിന്‍റെ മുറ്റത്ത് തുപ്പല്
തെറിപ്പിച്ചവരെല്ലാം
അതേ കറിയും കിടക്കയും ടെറസ്സും
തേടിയാണ് പൊടിക്കാറ്റ് കൊള്ളാന്‍
കപ്പല് കയറിയത്
പെങ്ങടെ ദീനംമാറാതെ വന്നപ്പോഴാണ്
ഉമ്മറത്ത് പറശ്ശിനിമുത്തപ്പനും
പഴനിമുരുകനും പമ്പാവാസനും
ഇടം പിടിച്ചത്
പൊടിക്കാറ്റേറ്റ് ചുവന്ന് തുടുത്ത്
വന്നവര്‍ നേരിന്‍റെ ചുവരില്ലാത്ത
കളങ്ങളിലേക്കാണ് ചേക്കേറിപ്പോയത്
ഇന്നും അയലത്തേക്ക്
നോക്കിയിരിക്കുന്ന ഇളം കണ്ണുകളില്‍
ഞാനാ താടിക്കരാന്‍റെ കണ്ണുകള്‍ കാണുന്നു
നിങ്ങള്‍ക്ക് ചിരി വന്നേക്കാം
എന്‍റെ ഹൃദയമിപ്പോഴും
കരയുകയാണ്
___________________________________________
താടിക്കാരന്‍ - കാറല്‍മാക്സ്
വാര്‍ക്കസെറ്റ് -
കോണ്‍ക്രീറ്റ് ജോലിക്കുള്ള മരഉരുപ്പിടികളും മറ്റും
ആശാന്‍ - ചാലിയന്മാര്‍
No comments:
Post a Comment