21 January 2013

ആരോടാണ് ചോദിച്ചറിയുക?

ആരുടെ 
ധര്‍മ്മോപദേശം
മദിച്ചതിനാലാണ്
ഈ കൊടിയ ഭാരവുംപേറി
സ്വയം തിരിഞ്ഞും 
പ്രദക്ഷിണം വച്ചും
കാലം തുടരുന്നതെന്ന്
ഭൂമിതന്നച്ചുതണ്ടി-
നോടാരായണം

സ്വയമുരുകി
ഊര്‍ജ്ജം പകര്‍ന്ന്
നിശ്ചലനായി
നിഷ്കാമ കര്‍മ്മമ-
നുഷ്ഠിക്കുന്നതേത്
ധര്‍മ്മനിഷ്ഠ-
കൊണ്ടെന്നര്‍ക്കനോടും
ചോദിച്ചറിയണം

മണ്ണിന്‍റെ
ദാഹമകറ്റും
മഴയോടും ചോദിക്കണം
ഏത് ധര്‍മ്മംപുലര്‍ത്താനാണ്
ഇടവേളകളിലെ-
ത്തിനോക്കുന്നതെന്ന്

അല്പായുസ്സെങ്കിലും
കണ്ണിനാനന്ദം പകര്‍ന്ന്
ചിരിക്കും പൂക്കളോടും
ചോദിക്കണം
ആരാണ് ധര്‍മ്മബോധം
പകര്‍ന്നതെന്ന്

കാറ്റും കമ്പനവും
ക്ഷണനേരം കൊണ്ടൊരു
മണ്‍കൂനയിലേക്ക്
സ്വപ്നങ്ങളെ 
അടക്കം ചെയ്യുന്നത്
ധര്‍മ്മോപദേശത്തിലെ
ഏത് പിഴവ്കൊണ്ടെന്ന്
ആരോടാണ് ചോദിച്ചറിയുക?

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...