ഇന്ന് സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ വഴി സാമൂഹികമായി വിപ്ളവങ്ങള്‍ സൃഷ്ടിക്കാവുന്ന തരത്തില്‍ സംവിദിക്കാനാകുന്നത് വിവരസങ്കേതികത്വത്തിന്‍റെ പാതയിലൂടെ കൈവാരാവുന്ന അതിവിപ്ളവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. 1960 മുതലുള്ള ഡിജിറ്റല്‍ നെറ്റ് വര്‍ക്കിംഗ് കമ്മ്യൂണിക്കേഷന്‍ രംഗത്തെ കണ്ടെത്തലുകളിലൂടെ നാമിന്ന് നിര്‍വ്വചിക്കാനാകാത്ത രീതിയയില്‍ സാങ്കേതികമായും വൈജ്ഞാനികമായും നവസംസ്കാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ 1995 ആഗസ്റ്റ് 15 നാണ് ഡല്‍ഹി, ബോംബെ, കല്‍ക്കട്ട, ചെന്നൈ, പൂനെ എന്നിവിടങ്ങളില്‍ ആദ്യമായി ഇന്‍റര്‍നെറ്റ് അവതരിപ്പിക്കുന്നത്. പിന്നെയും മൂന്നുവര്‍ഷത്തിനുശേഷം 1998 ല്‍ ആണ് കേരളത്തില്‍ vsnl ഇന്‍റര്‍നെറ്റ് സര്‍വ്വീസ് ആരംഭിക്കുന്നത്. ലോകമെമ്പാടും ഇന്‍റര്‍നെറ്റ് സാന്ദ്രത അനുദിനം സ്ഫോടനാത്മകമായി വ്യാപിക്കുകയാണ്. നമ്മള്‍ മലയാളികളും കാലത്തനൊപ്പം ചുവടുവക്കുന്നു. ഇന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിലെ ഗ്രൂപ്പുകള്‍ വഴി വ്യത്യസ്ത അഭിരുചികളിലുള്ളവര്‍ നല്ല ആരോഗ്യകരമായി ആശയവിനിമയം നടത്തുന്നുണ്ട് .വിവരങ്ങള്‍ പങ്കുവക്കാനും അതുവഴി കരിയറില്‍ അനുദിനം ആധുനികമാകാന്‍ വ്യക്തികളെ ഒരു പരിധിവരെ അത് പ്രാപ്തരാക്കുന്നുമുണ്ട്. ഇന്ന് പ്രചുരപ്രചാരം നേടിയ ഓര്‍ക്കുഡും ഫേസ്ബുക്കും ഒരു മാസത്തിന്‍റെ വ്യത്യാസത്തില്‍ 2004 ജനുവരി ഫെബ്രുവരിയില്‍ ആയാണ് തുടങ്ങിയത് .എങ്കിലും മലയാളികളുടെ ഇടയില്‍ ഓര്‍ക്കുഡ് ആണ് ആദ്യം പ്രചാരം നേടിയത് അതിലെ പരിമിധികളെ കവച്ചുവെക്കുന്ന സവിശേഷതകള്‍ അവതരിപ്പിച്ചതിനാലാകും ഫേസ്ബുക്ക് ഇന്ന് 800 മില്യണ്‍ സജീവ അംഗങ്ങളുമായി മുന്നേറുന്നത് . ഓര്‍ക്കുഡിന് ഇപ്പോള്‍ 66 മില്യണ്‍ അംഗങ്ങളാണ് ഉള്ളത്. 2006 ജൂലായ് 15 ന് ആരംഭിച്ച ടിറ്റ്വര്‍ 140 മില്യണ്‍ അംഗങ്ങളുമായി വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്ന ചര്‍ച്ചകള്‍ക്ക് വേദിയാകുന്നുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ വിപണന സാധ്യത ഉപയോഗപ്പെടുത്താന്‍ ഗൂഗ്ള്‍ അതിന്‍റെ ജീമെയിലില്‍ ഉള്ള Buzz സംവിധാനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ച് google+ ലേക്ക് 2011 ജൂണ്‍ 28ന് കാലെടുത്ത് വച്ചത്. ഇത് ആ മേഖലയിലെ മത്സരങ്ങളെയും വെളിച്ചത്ത് കൊണ്ടുവരുന്നു. 2011 ഒക്ടോബര്‍ ആയപ്പോഴേക്കും google+ ല്‍ 40 മില്യണ്‍ അംഗങ്ങളായി എന്നാണ് കണക്കുകള്‍ ഉദ്ധരിച്ച് അവര്‍ അവകാശപ്പെടുന്നത്. പ്രബലരായ ഇവരോടൊപ്പം മറ്റു വ്യത്യസ്ത അഭിരുചികളിലുള്ളവരെ കൂട്ടിയിണക്കുന്ന അനേകം നെറ്റ് വര്‍ക്ക് സൈറ്റുകളും നിലവിലുണ്ട് LinkedIn, Netlog, Hi5 മുതലായവ അതില്‍ ചിലതുമാത്രം. ചില രാജ്യങ്ങളില്‍ മാത്രം ഒതുങ്ങിയതുമായ നിരവധി നെറ്റുവര്‍ക്കുകളും സുലഭം. ഇതിലൂടെ വ്യക്തമാകുന്നത് ഡിജിറ്റല്‍ നെറ്റ് വര്‍ക്കിംഗ് കമ്മ്യൂണിക്കേഷനിലൂടെ ചെറിയ കാലയളവിനുള്ളല്‍ മനുഷ്യന്‍ നേടുന്ന അഭൂതപൂര്‍വ്വമായ വളര്‍ച്ചയെയാണ്. അവന്‍റെ മാറിമറയുന്ന പുതു സംസ്കാരത്തെയാണ്. അതിനുപുറമെ യഥാര്‍ത്ഥലോകത്തിന്‍റെ മായകാഴ്ചകളെ പുനഃവതരിപ്പിക്കുന്ന ത്രിമാനലോകവും ഇന്ന് നിരവധിയുണ്ട്. അടക്കിപ്പിടിക്കുന്ന ചിലവികാരങ്ങള്‍ സാങ്കല്പികമായി അനുഭവിക്കാന്‍ വരെ അത് ഇന്ന് വേദിയാക്കുന്നു.അതിലൂടെയും വിപണിക്ക് വിപുലമായ സാദ്ധ്യതകളുണ്ട്. ലോകത്തിന്‍റെ രണ്ടു കോണിലിരിക്കുന്ന പ്രണയിതാക്കള്‍ക്ക് അതിലൂടെ സാങ്കല്പികമായി ബീച്ചിലും പാര്‍ക്കിലും മറ്റു ഇടങ്ങളിലും ഇച്ചാനുസരണം തൊട്ടുരുമിനടക്കാനും കഴിയുന്നു. അത് സാങ്കേതികത്വത്തിന്‍റെ മറുവശങ്ങള്‍.
പുതിയകാലത്തിന്‍റെ പുതിയരൂപങ്ങളില്‍ മനുഷ്യന്‍ അവന്‍റെ നിലനില്പിനാവശ്യമായ സാങ്കേതികത്വവും വിവരങ്ങളും തേടുന്നതിനൊപ്പം അവന്‍ നിലനില്‍ക്കുന്ന കാലത്തിന്‍റെ സ്പന്ദനങ്ങളും വരച്ചിടാന്‍ വ്യഗ്രത കാട്ടുന്നു. അങ്ങനെ അച്ചടിയില്‍ മാത്രമായിരുന്ന അക്ഷരങ്ങളിലെ അറിവിന്‍റെയും സാഹിത്യത്തിന്‍റെയും രൂപങ്ങള്‍ക്ക് പുതിയമാനങ്ങള്‍ കൈവരുന്നു. ബ്ലോഗ് എഴുത്തുകള്‍ നല്ല നിലവാരം പുലര്‍ത്തുന്നവയായിവരുന്നു. ഇതെല്ലാം തങ്ങളുടെ നിലനില്പിനെ ബാധിച്ചേക്കുമോ എന്ന ഭയത്താലാകും സാങ്കേതികത്വത്തിന്‍റെ വഴിയില്‍ വ്യപരിക്കാനാകാത്ത ചില മുഖ്യധാര എഴുത്തുകാര്‍ ഒളിഞ്ഞും തെളിഞ്ഞും E എഴുത്തുകളെ മൊത്തം അധിക്ഷേപിക്കുന്ന വിമര്‍ശനങ്ങളുമായി വരുന്നത്. വായന മരിക്കുന്നു എന്ന് വിലപിക്കുന്ന ഘട്ടത്തില്‍ വായനയിലേക്കും എഴുത്തിലേക്കും വലിയൊരു വിഭാഗത്തെ അടുപ്പിക്കാന്‍ ഇന്‍റര്‍നെറ്റ് വഴിയൊരുക്കുന്നുണ്ട് . തിരിച്ചറിവില്ലാത്തവര്‍ ചതിക്കുഴിയിലേക്കും എത്തിപ്പെടുന്നുണ്ടെന്നതും സത്യമാണ്. ഇത്തരം ഓണ്‍ലെന്‍ കൂട്ടായ്മവഴിയും അനുദിനമുള്ള വിഷയങ്ങളില്‍ ഗ്രൂപ്പ് ചര്‍ച്ചകളിലുടെയും ബ്ലോഗ് എഴുത്തിലൂടെയും ചെറിയൊരുശതമാനത്തെ വേറിട്ട് ചിന്തിപ്പിക്കുന്ന തരത്തില്‍ സ്വാധീനിക്കാനാകുന്നുണ്ട് എന്നത് സന്തോഷകരമാണ്. ഇത് നാളെകളില്‍ സമൂഹത്തെ പുനനിര്‍ണ്ണയിക്കാന്‍ വലിയൊരു വിഭാഗം സജീവമാകും എന്നിന്‍റെ ശുഭസൂചനയാകാം. ഇന്ന് ഫേസ്ബുക്കില്‍ മലയാളികള്‍ മാത്രമുള്ള ഗ്രൂപ്പുകളുടെ എണ്ണം ചിന്തിക്കുന്നതിലപ്പുറമാകാം. ചിലര്‍ പറയുന്ന കേള്‍ക്കാം ഒരാള്‍ തന്നെ നൂറോളം ഗ്രൂപ്പില്‍ അംഗമാണെന്ന്. ഒരു ന്യൂനപക്ഷം ഇതില്‍ അത്യാസക്തരായി വഴിപിഴക്കുന്നുണ്ടെന്നതും തിരിച്ചറിയണം.ഈയുള്ളവനും നിരവധിഗ്രൂപ്പുകളില്‍ ആരൊക്കൊയാലോ ചേര്‍ക്കപ്പെട്ടിട്ടുണ്ട് അതിന്‍റെ ഉപജ്ഞാതാക്കള്‍ക്ക് അത്തരമൊരുകൂട്ടായ്മ എന്തിന് നിലകൊള്ളണമെന്ന് വ്യക്തമായ ഒരു കാഴ്ചപ്പാടും അവതരിപ്പിക്കാനായിട്ടില്ല എന്നതാണ് അവരെ വായിച്ചതില്‍ നിന്നും ബോദ്ധ്യപ്പെട്ടിട്ടുള്ളത്. ആ തിരിച്ചറിവില്‍ അതില്‍ നിന്ന് സ്വയം ഇറങ്ങിപോരുന്നതിനാല്‍ ഗ്രൂപ്പുകളുടെ എണ്ണം എന്നെ അലോസരപ്പെടുത്തുന്നില്ല എന്നത് സ്വയം ആശ്വസിക്കാനാകുന്നു. രാഷ്ടീയചര്‍ച്ചകള്‍ക്കും സാഹിത്യചര്‍ച്ചകള്‍ക്കും ഗ്രൂപ്പുകള്‍ വേദിയാകുന്നതോടൊപ്പം അതുവഴി നല്ല സൗഹൃദങ്ങളും വളരുന്നുണ്ട്. അതിലൂടെ തന്നെ സൗഹൃദങ്ങളെ പലവഴിയില്‍ ചൂഷണചെയ്യാന്‍ തക്കം പാര്‍ത്തിക്കുന്നവരും കുറവല്ല. ലോകത്തിന്‍റെ വ്യത്യസ്തകോണില്‍ നിന്നും നാലുചവരുകള്‍ക്കുള്ളിലിരുന്നു മനുഷ്യന്‍ സര്‍വ്വസ്വാതന്ത്ര്യത്തോടെ വിപ്ലവകരമായ അഭിപ്രായപ്രകടനങ്ങളാണ് നടത്തുന്നത് . ഇതുവരെ വായ്മെഴിയായി മാത്രം താന്‍ ബന്ധപ്പെടുന്നവരോട് സംവദിച്ചിരുന്നവര്‍ക്ക് വലിയൊരു വായനക്കാരെയാണ് മുന്നില്‍ കിട്ടിയിരിക്കുന്നത്. അതിനാലാണ് ഇത്തരം ഗ്രൂപ്പുകളില്‍ പലരും കുളിമുറിയിലെ ഗാനംപോലെ ചെറിയചിന്തകളെയെല്ലാം മുറിചെചഴുതി കവിതകളായും കഥകളായും അവതരിപ്പിക്കുന്നത്. അതോടൊപ്പം തന്നെ സര്‍ഗ്ഗാത്മകത കനിഞ്ഞുകിട്ടിയ പ്രതിഭകളും ഈ ഇയിടങ്ങളില്‍ വലിയൊരളവുണ്ടെന്നത് നമ്മുടെ സാഹിത്യമേഖലക്ക് ആശാവഹമാണ്. അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ആരംഭശൂരത്വത്തിനുശേഷം, പലഗ്രൂപ്പും നിര്‍ജ്ജീവമാകുന്നതായാണ് കണ്ടിട്ടുള്ളത്. അതിന് തുടക്കം കുറിച്ചവര്‍ക്കുതന്നെ അതില്‍ എത്തിനോക്കാന്‍ സമയം കിട്ടാത്തും ഒരുപരിധിവരെ കാരണമാകാം. നല്ലൊരു ശതമാനം ഗ്രൂപ്പും തുടക്കമിടുന്നത് തന്‍റെ അഭിപ്രായങ്ങള്‍ മറ്റേതെങ്കിലും ഗ്രൂപ്പില്‍ ഇഴപിരിച്ച് വിമര്‍ശിക്കപ്പെടുമ്പോള്‍ സ്വയമിറങ്ങിപ്പോകുകയോ ഇറക്കിവിടുകയോ ചെയ്യുമ്പോഴാണ്. അതിനാല്‍ ആവികാരം കെട്ടടങ്ങുമ്പോള്‍ ഗ്രൂപ്പും കെട്ടടങ്ങും. ഇത്തരം ഓണ്‍ലൈന്‍ കൂട്ടായ്മകളെ സദാസമയമിരുന്നു നയിക്കുക എന്നത് അപ്രായോഗികമെന്ന് പറയേണ്ട ആവശ്യമില്ലല്ലോ. അതിനാല്‍ തന്നെ മതപരവും രാഷ്ട്രീയവുമായ അഭിപ്രായപ്രകടനങ്ങളില്‍ സ്വയം നിയന്ത്രണമില്ലെങ്കില്‍ മുഖംചുളിക്കുന്ന അസഭ്യങ്ങള്‍ വാങ്ങിക്കൂട്ടാനും സാധ്യത കൂടുതലാണ്. അതിന് മറുപടിപറയേണ്ടിവരുമ്പോള്‍ മറ്റുള്ളവരുടെ മുമ്പില്‍ നാം വീണ്ടും ചെറുതാകുന്ന വലിയ സിഥിതിവിശേഷവും കൈവരും. പല വിഷയങ്ങളും കൈകാര്യം ചെയ്യുന്ന നിരവധി ഫോറങ്ങള്‍ നിലവിലുണ്ട് ഇംഗ്ലീഷ് ഭാഷയിലുള്ള അത്തരം ഫോറങ്ങളില്‍ ആരെങ്കിലും അസംഭ്യമായ വാക്കുകള്‍ ഉപയോഗികിച്ചാല്‍ സ്വയമേവ അത് നീക്കം ചെയ്യപ്പെടും ആവര്‍ത്തികുന്ന അംഗത്തിന്‍റെ അംഗത്വവും തന്നെത്താനെ നഷ്ടപ്പെടുകയും ചെയ്യും. ഈ സംവിധാനമെല്ലെ ഫേസ്ബുക്ക്പോലുള്ള നെറ്റ് വര്‍ക്കില്‍ പ്രാദേശികഭാഷകളില്‍ ഉണ്ടെങ്കില്‍ ഒരുപരിധിവരെ അതിലെ ഗ്രൂപ്പുകള്‍ വഴിതെളിച്ചു കൊണ്ടുപോകുന്നവര്‍ക്ക് ഗുണകരമാകും. അതെല്ലാം അടുത്തകാലത്തെന്നും പ്രതീക്ഷിക്കപോലും വേണ്ടതാനും.
ഇന്ന് ഫേസ്ബുക്കില്‍ കവിതക്കും കഥക്കും നര്‍മ്മത്തിനും രാഷ്ട്രീയത്തിനും യുക്തിവാദത്തിനും കൃഷിക്കും മുതല്‍ മനുഷ്യന്‍ ഇടപെടുന്ന എല്ലാ മേഖലക്കും എണ്ണമറ്റഗ്രൂപ്പുകളുണ്ട്. ഈ പുത്തന്‍ സങ്കേതത്തിലൂടെ സമൂഹത്തെ നേര്‍വഴിതെളിക്കാന്‍ ശരിയായരീതിയില്‍ ഇടപെടാന്‍ ഇത്തരം കൂട്ടായ്മയിലൂടെ ആയാല്‍ അത് ഒരു രാഷ്ട്രീയ സേവനംപോലെ അഭിന്ദനമര്‍ഹിക്കുന്ന ഒന്നാകും. ആ വഴിയില്‍ ചിന്തിക്കുമ്പോഴാണ് പുരോഗമനപരത ഉയര്‍ത്തിപ്പിടിച്ച് അതിനായി ചെറിയ സമയം ചിലവഴിക്കാനാകുന്നവര്‍ ഇത്തരം കൂട്ടായ്മയിലൂടെ എന്ത് ലക്ഷ്യം വക്കണം, അതിന്‍റെ തത്വശാസ്ത്രം എന്താകണമെന്നതിന്‍റെ പ്രസക്തി. കൃഷിയെപ്പറ്റി ഒരു ഗ്രൂപ്പുണ്ടാക്കിയാല്‍ അതില്‍ വിത്തുകളെയും ,കീടങ്ങളെയും അതിനിടുന്ന വളങ്ങളെയും,കാലാവസ്ഥയെയും, വിലയെയും, വിപണിയെയുംകുറിച്ച് ചര്‍ച്ചചെയ്യാം അവിടവരെ അഭിപ്രായവിത്യാസങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടാകില്ല. എന്നാല്‍ വിപണി നിയന്ത്രിക്കുന്നവരെയും വിലയിടിവിന്‍റെ കാരണത്തെയും ചര്‍ച്ചചെയ്താല്‍ അതില്‍ രാഷ്ടീയം കടന്നുവരും. അവിടെ അഭിപ്രായങ്ങളുടെ ശരിതെറ്റുകളെ പരിശോധിച്ച് വിധികല്പിക്കേണ്ട ബാധ്യത അത്തരമൊരു ഗ്രൂപ്പ് നിര്‍മ്മിച്ചവരുടെ ബാധ്യതയായി മാറുന്നു. നേരാം വിധമല്ലെങ്കില്‍ അത് ഗ്രൂപ്പിന്‍റെ നാശത്തിലേക്കും വഴിതെളിക്കും. ഇതിലൂടെ വ്യക്തമാകുന്നത് വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലൂടെ, വിദ്യാഭ്യാസത്തിലൂടെ, സാമ്പത്തികസാഹചര്യങ്ങളിലൂടെ,ജീവിത വീക്ഷണത്തിലൂടെ കടന്നുവരുന്നവര്‍ ഒരു വേദിയില്‍ മാറ്റുരക്കുമ്പോള്‍ ഉടലെടുക്കാവുന്ന പ്രകോപനത്തിന്‍റെയും അസഹിഷ്ണുതയുടെയും അസ്വസ്ഥതയുടെയും വ്യാപ്തി ചൂണ്ടിക്കാണിക്കാനാണ്. ആ നിലക്ക് വലിയ ഉത്തരവാദിത്വമെന്ന നിലയില്‍ സര്‍വ്വാത്മന പുരോഗമനപരത കൈവരിക്കണമെന്ന ആശയവുമായി നിലനില്‍ക്കുന്ന ഗ്രൂപ്പുകള്‍ നയിക്കാനുള്ള വെല്ലുവിളി തിരിച്ചറിയേണ്ടത്. ഉദാഹരണമായി ഗാന്ധിസം ആശയമുള്‍ക്കൊണ്ടവരെ മാത്രമുള്‍ക്കൊള്ളുന്ന ഗ്രൂപ്പുണ്ടെങ്കില്‍ അതിലെ ചര്‍ച്ച ആ വീക്ഷണത്തിലെ ഗുണഗണങ്ങളെയും പോരായ്മകളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് മാത്രമാകും അതില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ക്കും സാധ്യതയേറെ. ആ ആശയപ്രചരണത്തിന്‍രെ ആവശ്യകത മുന്നില്‍ നില്‍ക്കുമ്പോള്‍ അത്തരമൊരു പാര്‍ശ്വവല്‍ക്കരണത്തിന്‍റെ അനൗചിത്യം ആലോചിക്കാവുന്നതേയുള്ളു. നിലനില്‍ക്കുന്ന സമൂഹം പോരായ്മകളുടെ കൂമ്പാരമെന്ന് ബോദ്ധ്യമുള്ളപ്പോള്‍ , എല്ലാ മനുഷ്യന്‍റെയും രക്തം ചുവപ്പെന്ന് തിരിച്ചറിവുള്ളപ്പോള്‍ , എല്ലാവര്‍ക്കും വിശക്കുമ്പോള്‍ ഭക്ഷണമാണ് ആവശ്യമെന്ന് അറിവുള്ളപ്പോള്‍ ഇത്തരം നവ സംഘങ്ങളിലൂടെ മനുഷ്യമനസ്സിനെ തിരുത്താന്‍ ആരോഗ്യകരമായി ഇടപെടാന്‍ കഴിയുന്നവര്‍ ഒരു വര്‍ഗ്ഗവ്യത്യാസവും മുന്നോട്ട് വക്കാത്ത കൂട്ടായ്മകള്‍ ഉണ്ടാക്കുകയും അത് നിലനിര്‍ത്താന്‍ യത്നിക്കുകയും ചെയ്യുകയാണ് സേവനമെന്ന പദത്തോട് നീതിപുലര്‍ത്തി ലോകത്തിനുവേണ്ടി തന്നാലാകുംവിധം ചെയ്യാനാകുന്ന സത് കര്‍മ്മം. ഒന്നും ഒന്നും മൂന്നാണെന്ന് പറയുന്നവനെ തിരുത്താനാകണമെങ്കില്‍ ആദ്യം അവനെ ഉള്‍ക്കൊള്ളാനാകണം. അവനെ നിലനിര്‍ത്താനുമാകണം. അധമചിന്തയോടെ എഴുതുന്നവനെ സംയമത്തോടെ ഓരോത്തരും അവനവന്‍ തിരിച്ചറിഞ്ഞ നേര്‍വഴിയിലൂടെ ക്ഷമാപൂര്‍വ്വം തിരുത്തലിനുവേണ്ടി എഴുതി സ്വാധീനിക്കാന്‍ ശ്രമിക്കുക എന്നതാണ് ശരിയായ മാര്‍ഗ്ഗം. നേടിയ അറിവിന്‍റെ വഴിയില്‍ എല്ലാവര്‍ക്കും അവര്‍ ചിന്തിക്കുന്നതും പറയുന്നതും ആദ്യം നൂറു ശതമാനം ശരിയെന്ന വിചാരത്തിലാകും. അതിന് അവരെ കുറ്റപ്പെടുത്താനാകുമോ? അതിലെ പോരായ്മകള്‍ നിരര്‍ത്ഥകത ബോദ്ധ്യപ്പെടുത്താനാകുന്നവര്‍ തന്നെ അസഹിഷ്ണുത പ്രകടിപ്പിച്ചാല്‍ അവന്‍ അതേവഴില്‍തന്നെ ചരിക്കുകയുള്ളു. ചിലതീവ്രവികരാങ്ങളിലൂടെ ബോധപൂര്‍വ്വം ഇടപെടുന്നവരെ നമുക്ക് വേഗം തിരിച്ചറിയാനാകും അവരെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കുക എന്നത് അനായാസം നടക്കുക തന്നചെയ്യും. വ്യത്യസ്ഥ ആശയങ്ങള്‍ പങ്കുവക്കുമ്പോള്‍ മാത്രമേ യാഥാര്‍ത്ഥ വെളിച്ചത്തിലേക്ക് ഒരാളെ നയിക്കാനാകൂ. ആശയപരമായി യോചിക്കാനാകാത്തവരെ ധൃതിയില്‍ നമ്മളില്‍നിന്നകറ്റിയാല്‍ നമുക്ക് ലോകത്തിനുവേണ്ടി ചെയ്യാനാകുന്ന ഒരു സത് പ്രവര്‍ത്തിയില്‍നിന്നും നാം സ്വയം പിന്നോട്ടുപോകുകയാണ് ചെയ്യുന്നത്.
ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ക്ക് നേരിടേണ്ട മറ്റൊരു വെല്ലുവിളി അനുഭവത്തിലൂടെ പലരും വ്യക്തിബന്ധങ്ങളിലേക്ക് ആഴത്തില്‍ വീഴുമ്പോള്‍ അഭിപ്രായങ്ങള്‍ക്ക് മൂര്‍ച്ചകുറയുന്നു. ഗ്രൂപ്പുകളില്‍ ചെറിയഗ്രൂപ്പുകളായി തനിക്ക് അരുചികരമായ അഭിപ്രായങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കുന്നു. അത് വിശാല അര്‍ത്ഥത്തില്‍ അതിനെ നിലനിര്‍ത്താന്‍ പ്രയത്നിക്കുന്നവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് താനും. ചില ഗ്രൂപ്പുകളില്‍ നന്മയുടെ മനസ്സുകളായ നിരവധിപേരെ കാണുമ്പോള്‍ അത് പ്രായോഗികമായ ഒരു വശമുണ്ടായാല്‍ എത്രഗുണകരമെന്ന് ചിന്തയും ഉടലെടുക്കാറുണ്ട്. സത്യത്തില്‍ ആ ചിന്തയുടെ പ്രായോഗികതയുടെയും അപ്രായോഗികതയുടെയും വശങ്ങള്‍ ചര്‍ച്ചക്ക് വിധേയമാകേണ്ടതുണ്ട്. അടുത്ത കാലങ്ങളില്‍ മദ്ധ്യേഷ്യന്‍ ഇസ്ലാമിക് രാജ്യങ്ങളിലും അമേരിക്കയിലും മറ്റും ഭരണവര്‍ഗ്ഗത്തിനെതിരെയുള്ള മുന്നേറ്റങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്ക് ചെലുത്തിയിട്ടുള്ള സ്വാധീനം വലുതാണെന്ന് മറ്റു മാധ്യമങ്ങള്‍തന്നെ വിളിച്ചുപറയുന്നു. ഇത് പ്രായോഗിക വശങ്ങളിലൂടെ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ക്ക് സമൂഹത്തില്‍ സ്വാധീനം ചെലുത്താനാകുമെന്നതിന്‍റെ തെളിവുകളായാണ് കാണാനാകുക. ഒരു ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഉള്ള ആര്‍ക്കും കടന്നുവരാനാകുന്ന അതിവിശാലമായ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ കൂട്ടായ്മകളെ വെറും നേരംപോക്കുകള്‍ക്കുള്ള വെടിപറച്ചില്‍ വേദിയില്‍ നിന്നും മനുഷ്യനെ മനുഷ്യത്വമെന്നതിന്‍റെ മഹത്വം ബോധ്യപ്പെടുത്തന്ന തരത്തില്‍ മനസ്സാക്ഷിയുള്ളവര്‍ ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യപ്പെടാനുള്ളത് . കാരണം സ്ത്രീകളും കുട്ടികളും നിര്‍ധനരും അത്രയധികം ചൂഷണംചെയ്യപ്പെടുന്ന ദുരവസ്ഥയാണ് ഇന്നുള്ളത് . ആരുടെയും വേദനകള്‍ പുറത്തേക്ക് സ്വയം കാണിക്കാനാകാത്തവിധം അഭിമാനബോധത്തിന്‍റെ വാക്മയങ്ങള്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ട്. അതില്‍ സ്വയം ചുരുങ്ങി ആത്മഹത്യയിലേക്കും വിഴുപ്പിലേക്കും വലിച്ചെറിയപ്പെടുന്നവര്‍ ധാരാളമാണ്. കൂടപ്പിറപ്പുകള്‍ വരെ അന്യരായി ജീവിക്കുന്ന സാഹചര്യങ്ങളിലേക്ക് മനുഷ്യബന്ധങ്ങള്‍ ആക്കിത്തീര്‍ക്കുന്നു അല്ലെങ്കില്‍ ആയിത്തീരുന്നു. നാട്ടിന്‍പുറങ്ങളില്‍ പോലും അയല്‍പക്കള്‍ പൊള്ളയായ ജീവിതസാഹചര്യങ്ങള്‍ പരസ്പരം പ്രകടമാക്കുന്നു. ജനാധിപത്യത്തിലൂന്നിയ സ്വാതന്ത്ര്യം അനുഭവിക്കുമ്പോഴും ഇന്ന് സര്‍വ്വമേഖലയിലും മനുഷ്യ മസ്തിക്കത്തിലും മൂല്യശോഷണം സംഭവിച്ചിരിക്കുന്നു. വികലമായ വിദ്യാഭ്യാസ നയങ്ങളിലുടെ ഒരു പൗരബോധവുമില്ലാത്ത തലമുറ വളര്‍ന്നുവരുന്നത് നാളെകളില്‍ പൊതുസമൂഹത്തിന് നിയന്ത്രിക്കാനാകാത്ത ഭീഷണിയുയര്‍ത്തുമെന്നത് തര്‍ക്കമറ്റകാര്യമാണ് നവ സാങ്കേതികത്വങ്ങള്‍ ഇന്നത്തെ തലമുറയെ വലിയ സ്വാധീനം ചെലുത്തുന്നതിനാല്‍ അതിലൂടെ തന്നെ അവരെ ബോധവല്‍ക്കരിക്കുന്ന തരത്തിലുള്ള ശരിയായ കാഴ്ചപ്പാട് മുന്നോട്ട് വക്കുകയാണ് അതിനു കഴിയുന്നവര്‍ ചെയ്യേണ്ടത്.
നേരംപോക്കുകള്‍ക്കുള്ള വെടിപറച്ചില്‍ വേദിയില്‍ നിന്നും മനുഷ്യനെ മനുഷ്യത്വമെന്നതിന്‍റെ മഹത്വം ബോധ്യപ്പെടുത്തന്ന തരത്തില്‍ മനസ്സാക്ഷിയുള്ളവര്‍ ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യപ്പെടാനുള്ളത് .
ReplyDeleteസോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ നന്മകളും തിന്മകളും പ്രവണതകളും തിരിച്ചറിയാന്‍ സഹായിക്കുന്ന നല്ല ഒരു ലേഖനം ....