10 May 2011

നശിച്ചൊരോര്‍മ്മകള്‍..

പുറകിലെ കാലം പിടിച്ചുവലിച്ചെന്‍റെ
ഹൃദയത്തിന്‍ ഭിത്തി മുറിച്ചിടുന്നു
സിരകളില്‍ ശീത രക്തം നിറച്ചു ഞാന്‍
കാലത്തിനൊപ്പം കഴിഞ്ഞിടട്ടെ!

വെന്തുചുമന്ന കാരിരുമ്പിന്‍മുന
ചങ്കിലമര്‍ന്ന് പിടഞ്ഞിടുമ്പോള്‍
നേരിന്‍റെ മുദ്രകള്‍ നീട്ടിവിളിച്ചുകൊ
ണ്ടമ്മയെപ്പോലും തഴഞ്ഞൊരൂറ്റം..

ശിലകെട്ടിയാഴത്തിലാക്കിയൊരോര്‍മ്മകള്‍
ജീര്‍ണ്ണിച്ച് ജീവന്‍ വച്ചിടുന്നോ?
പുതിയലോകത്തിന്‍റെ പടിപ്പുരവാതിലില്‍
വാലാട്ടി ജീവിതം തീര്‍ത്തിടട്ടെ!


എവിടെയോ പതുങ്ങിയിരിപ്പുണ്ട്

ചുവപ്പ് നാടക്കുള്ളില്‍
കൊരുത്ത് കിടക്കുകയാണ്
ചുറ്റിലും ഇറുകിപ്പിടിച്ച പ്രാണികള്‍
പെട്ടന്നാണ് കലാമണ്ഡലം
ഹൈദരലിയുടെ കഥകളിപ്പദങ്ങള്‍...
നീളാതെ ഞെക്കി ചെവിയിലമര്‍ത്തി
മുഖവുരയില്ലാതെ മോഴി കേട്ടു

" മകള്‍ വയസ്സറിയിച്ചു "
ആനന്ദവും ആശങ്കയും
മുഖത്ത് പടരാന്‍ മത്സരിച്ചു

വീട്ടിലേക്ക് ചെറുതല്ലാത്ത ദൂരം
ടിക്കറ്റെടുത്ത് സീറ്റില്‍ തലചാച്ചു
എണ്ണയില്ലാത്ത മുടിയിഴകള്‍
കാറ്റില്‍ പിറകോട്ട്
വഴിയോരക്കാഴ്ച്ചകള്‍ അവ്യക്തം
ദൂരെനിന്നേതോ ചൂളംവിളി
ആര്‍ത്തലച്ച് അടുത്തടുത്ത്
അകന്നകന്നകന്ന്
കംപാര്‍ട്ട്മെന്‍റുകള്‍...
ഇടനാഴികള്‍....സ്റ്റേഷനുകള്‍....
വിജനമായ തെരുവുകള്‍...
ഒറ്റയടിപ്പാതകള്‍...
കുന്നുകള്‍.. കുന്നിന്‍ ചരിവുകള്‍...
കലാലയങ്ങള്‍.....കതിര്‍മണ്ഡപങ്ങള്‍....
എവിടെയോ, എവിടെയോ
ധമനികളില്‍ തിരയിളക്കം
എവിടെയോ, എവിടെയോ
പതുങ്ങിയിരിപ്പുണ്ട്.

പക്ഷം

സത്യത്തില്‍ നിങ്ങള്‍
ആരുടെ പക്ഷത്താ?

കാണിക്കയിട്ടു മടങ്ങവെ
കൈനീട്ടും വൃദ്ധന്‍റെ
കണ്ണീര്‍ കാണാത്ത ശുദ്ധന്‍റെ പക്ഷത്തോ?

വെറിപൂണ്ട കാമത്താല്‍
ചീന്തിയ പെണ്ണിന്‍റെ
മതമേതന്നറിഞ്ഞിട്ട്
മൗനം വെടിയുന്ന പുണ്യാള പക്ഷത്തോ?

വിഷമിറ്റിച്ചു നമ്മളെ
വികൃതമാക്കീടുവാന്‍
ഇളവുതേടും നവ കുത്തക പക്ഷത്തോ?

കൈത്താങ്ങായ് നില്ക്കേണ്ട
കാലത്തു പെറ്റമ്മയെ
തെരുവിലാക്കുന്ന പ്രവാസി പക്ഷത്തോ?
അറിവ് നല്‍കീടുവാന്‍
അറവ് ശാലകള്‍ കെട്ടും
വെള്ളരിപ്രാവിന്‍റെ ന്യൂനപക്ഷത്തോ?

രാഷ്ട്രീയമെല്ലാം കണക്കെന്ന്
പുലഭ്യം പുലമ്പുന്ന
വട്ടിപ്പലിശക്കാരന്‍ വിരുതന്‍റെ പക്ഷത്തോ?

സത്യത്തില്‍ നിങ്ങള്‍
ആരുടെ പക്ഷത്താ?

നിങ്ങള്‍ പക്ഷം പിടിച്ചോളു...

നിങ്ങടെ ഉണ്ണികള്‍
ഒരു തുള്ളിക്കായ്
ഒരു മഴകാത്തിരിക്കും കാലത്ത്,
ചാരത്തിരിക്കാന്‍ നിങ്ങല്‍
ചിരഞ്ജീവികളൊന്നുമല്ലല്ലോ!

09 May 2011

തീ തിന്നുന്നവര്‍

തെരുവിന്‍റെ കുന്നായ്മകളെ
തെറികൊണ്ടവള്‍ വേലികെട്ടി

പതിവ്രത ചമഞ്ഞെന്ന പകലിന്‍റെ
പരദൂഷണം പുഛിച്ചു തള്ളി

ഇരുളിന്‍റെ മറവില്‍ തിളക്കു
ന്നൊരഗ്നിയെ വിഴുങ്ങാനവള്‍
പകലന്തിയോളം തണുപ്പിനെ
ആവാഹിച്ച് കാത്തിരുന്നു

തടയുവാനാകാത്ത തീനാളങ്ങളാല്‍
അരാജകമാകാതെ ഇവിടം കാക്കുന്ന
ഈ തീവിഴുങ്ങിപ്പക്ഷികളെ
നാമെന്തുവിളിക്കും?

എല്ലാം ദഹിപ്പിക്കുന്നൊരഗ്നിയെ
പുല്ലായ് വിഴുങ്ങന്നവര്‍ക്ക്
വിളിപ്പേര് എന്തായാലെന്താ!



കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...