07 December 2012

വേലി

( ഞാന്‍ കാണ്ടെന്‍റെ നാട്ടു കാഴ്ചകള്‍ )

ഉപ്പും മുളകും ഇപ്പോള്‍ 
വേലി കടന്നുപോകാറില്ലത്രെ!

മുറിച്ചെടുത്ത നീലാകാശം പോല്‍
പ്ലാസ്റ്റിക് വേലിയും
കോണ്‍ക്രീറ്റ് മതിലും കടന്നിപ്പോള്‍
ഉപ്പും മുളകും യാത്രപോകാറില്ലത്രെ!

അതിനാല്‍തന്നെ,

ചുവരുകള്‍ക്കുള്ളില്‍
തിരനിലച്ച കടലില്‍
പുഴു ചാകരപെയ്യണ്ണം
അയലത്തുകാര്‍പോലും
കഥയറിയാന്‍

കഥകളെല്ലാം ഉമ്മറത്ത്
തൊലിയുരിഞ്ഞ 
പോത്തിന്‍കാല് പോലെ
രക്തം വാര്‍ന്ന് കിടക്കുന്നു
പട്ടിണികിടന്ന പട്ടിയെപ്പോലെ
എല്ലില്‍ പിടിമുറുകിയാല്‍
യുദ്ധംപോലും നാമറിയുകില്ല

വേലികടന്ന് മറുവേലിയും ചാടി
കള്ളിമുള്ളും കവച്ച്
നാടാകെ പരന്ന കഥകള്‍
വെറും പഴങ്കഥകള്‍

ഇരുള്‍പരക്കുമ്പോളുയരും
ഇണക്കവും പിണക്കവുമിന്ന്
മതിലോളംവന്നലച്ചുചാകും

ഓരോ വീടുമിന്നൊരു രാജ്യം
അതിര്‍ത്തിയില്‍
ചോരകുടിച്ച ഓന്തിനുപകരം
ക്യാമറക്കണ്ണുകള്‍

ചെത്തിയും ചെമ്പരത്തിയും 
പൂത്ത വേലിയിലൂടെ
പ്രണയസല്ലാപങ്ങള്‍ 
ഇളം കുളിര്‍ക്കാറ്റു തീര്‍ത്തതും
കാണാകാഴ്ചകള്‍

കറിക്കത്തികൊണ്ട മുറിവില്‍
കമ്മ്യൂണിസ്റ്റ് പച്ച തേക്കാന്‍
കാലങ്ങളോളം പിറകോട്ട്
പോകണം

ആഗോളീകരിക്കപ്പെട്ട കാഴ്ചകളില്‍
സ്വതം നഷ്ടപ്പെട്ട നാം
വലിയ ചിന്തകളാല്‍
വിടവുകളുള്ള വേലി പിഴുതെറിഞ്ഞ്
മതിലുകള്‍ക്കകത്ത്
തളം കെട്ടിനില്‍ക്കുകയാണ്.

എന്തിനെന്നറിയാതെ...
എവിടെയെന്നറിയാതെ...

No comments:

Post a Comment

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...