05 July 2012

ഞാനൊന്നുറങ്ങട്ടെ!

നോക്കൂ...
ജീവനോടെ അടക്കം ചെയ്ത
ആത്മാക്കളുടെ ശവപ്പറമ്പാണത്
മുന്നിലെ ' അനാഥാലയം'
എന്ന പേര് നോക്കണ്ട
ജീര്‍ണ്ണിച്ച മതില്‍ക്കെട്ടിന്‍റെ
അടര്‍ന്ന വിടവിലൂടെ നോക്കൂ..
മരവിച്ച ചിന്തകളില്‍
പുഴുവരിക്കുന്ന കാണാം

ഒരു കനല്‍ക്കട്ടയുടെ
തുടിപ്പുകൊണ്ടാണ്
അവയെല്ലാം ദഹിക്കപ്പെടാതെ
അവശേഷിക്കുന്നത്

ഒരു വിടുതല്‍ കൊതിച്ച്
കനല്‍കറക്കും പ്രളയം
കാത്തു കിട്ടക്കുന്നവര്‍

എനിക്കൊറ്റ പരാതിയേ ഉള്ളു
പോറ്റാനാകുമായിരുന്നില്ലെങ്കില്

പിറന്നപോടെ ഒരു നെല്‍മണി
നാവില്‍ കിടത്തി വച്ചിരുന്നെങ്കില്‍
ചുടുരക്തമൊലിപ്പിച്ച് ഞാന്‍
പുറത്തു കടന്നേനെ

എന്നിലേക്കരിച്ചിറങ്ങാന്‍
കഴിയാത്ത പുഴുക്കളോട്
സന്ധി ചെയ്ത്
ചൂളം വിളിയുടെ പെരുമ്പറയില്‍
ശാന്തിയുടെ ഹൃദയവായ്പ്തേടി
പുറത്തിറങ്ങിയതാ

എന്നെച്ചുമന്ന
ശവപ്പറമ്പെന്നോട് പൊറുക്കുക

ജീവിതത്തിന്‍റെ പാതിവഴിയിലല്ല
ജീവന്‍റെ പാതിവഴിയില്‍
നിത്യതയുടെ മടിയില്‍
ഞാനിത്തിരി തലചാച്ചുറങ്ങട്ടെ!

No comments:

Post a Comment

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...