17 June 2011

ഈ ആകാശമെന്തിനാ തുറിച്ചുനോക്കുന്നേ?

ചുറ്റുമതിലിന്‍റെ
തെക്കുവടക്ക് വശങ്ങളില്‍
നിഴല്‍ പാത്തിവച്ചി-
റങ്ങുമ്പോഴാണ്
ഇവിടെ പ്രഭാതമെത്തുന്നത്

അഴികള്‍ക്കിപ്പുറം
വെയില്‍ കളം വരക്കുമ്പോള്‍
പുലഭ്യം ഞങ്ങളെ
നിത്യവും വിളിച്ചുണര്‍ത്തും

വക്കുകറുത്ത വെള്ളപ്പാത്രവും
വാക്കുകറുത്ത വാര്‍ഡനും
വാനോളം ഉയര്‍ന്ന്
ചക്രവാളം മറച്ച
കുമ്മായവെളുപ്പിന്‍റെ
നിസ്സംഗതയും
നിത്യവും ഒരേ കാഴ്ച


താനറിയാതെ
മായം കലര്‍ന്നെത്തിയ
പീടികക്കാരന്‍ മുഹമ്മദും,
വിലക്കുതന്ന വ്യാജനെ
തിരിച്ചറിയാതെത്തിയ
മീന്‍കാരന്‍ ഔസേപ്പും,
മനസ്സറിയാതെ മരണം
വിധിച്ച മാധവനും
അവരുടെ അമേദ്ധ്യത്തിനും
ഒരേ നിറം ഒരേ ഗന്ധം

വരകള്‍ക്ക് പുറത്ത്
നീതിപുലരാന്‍ വരകള്‍-
ക്കകത്തിടം നേടിയവര്‍

എല്ലാവര്‍ക്കും ഒരേ ചോദ്യം.
ഈ ആകാശമെന്തിനാ
എപ്പോഴുമിങ്ങനെ
തുറിച്ചുനോക്കുന്നേ?

No comments:

Post a Comment

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...