09 June 2011

നീയെടുക്കുക..

നീയെടുക്കുക....
അണുവിന്‍റെ അളവോളം
എത്താത്ത ഉണ്മതന്‍
തിരിനാളം നീയെടുക്കുക..

ഇടിമുഴക്കങ്ങള്‍ക്കൊടുവില്‍
നിശ്ശബ്ദമായെത്തുന്ന
ക്ഷിപ്രസ്ഫുരണങ്ങളില്‍
കൊരുത്തുഞാന്‍
നിന്നിലേക്കെത്തട്ടെ!
നീയെടുക്കുക..

ശിലപോല്‍ മരവിച്ച
വിണ്ണിന്‍റെയാഴത്തില്‍
നീന്തിത്തുടിക്കണം

ചക്രവാളങ്ങളില്‍
ഘനശൈലശയ്യയില്‍
അഗ്നിയെപ്പുണര്‍ന്നല്‍പം
ശയിക്കണം

കൊടുംങ്കാറ്റിന്‍റെ
കരളിലേക്കാഴ്ന്ന്
നക്ഷത്രങ്ങള്‍ക്കുമപ്പുറം
സര്‍ഗ്ഗവിസ്മയം നുകര്‍ന്ന്
നിന്‍റെ ശവകുടീരവും
രക്തം തുടിക്കുന്ന
ഹൃദയങ്ങള്‍ പൂത്ത
ഉദ്യാനവും കാണണം

പിന്നെ...
പേറ്റുനോവിന്‍റെ
തീക്കനലാറും മുമ്പേ
നീയെടുത്തൊരായിരം
പൈതലിന്‍
പരിഭവം കേള്‍ക്കണം

ഒടുവില്‍....
ഒരു പോക്കന്‍ മഴയിലെ
ഒരൊറ്റത്തുള്ളിയായ്
നിപതിച്ച്
ഒരു കുഞ്ഞിന്‍റെ കവിളില്‍
തെറിച്ച്
ആ ചിരിയില്‍ ലയിച്ച്
പ്രപഞ്ചമാകെ പടരണം.
നീയെടുക്കുക...

അണുവിന്‍റെ അളവോളം
എത്താത്ത ഉണ്മതന്‍
തിരിനാളം നീയെടുക്കുക..

1 comment:

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...