27 June 2011

ഞാന്‍ പറയുന്നില്ല..

പറക്കമുറ്റാത്ത കുഞ്ഞിനെ നീ
കാല്‍ചുഴറ്റിയെറിഞ്ഞപ്പോ
അറിയാതെയുള്ളൊന്നു പിടഞ്ഞതാ
മണ്ണിന്‍റെ ചുടലനൃത്തമെന്ന്
ഞാനെവിടെയും പറഞ്ഞീലാ..

മതിവന്ന് നീ കൈതുടക്കും നേരം
വിശപ്പിനാല്‍ അതിതീക്ഷ്ണ
നൊമ്പരം പേറുന്ന കണ്ണിനെ
മുന്നില്‍ക്കണ്ടരിശം തീര്‍ത്താട്ടിയപ്പോ
തളം കെട്ടിയ കണ്ണുനീരാണ്
അതിവര്‍ഷത്തിലെ പ്രളയമെന്നും
ഞാന്‍ പറഞ്ഞീലാ..

മൃതിയോളം വേദനവിഴുങ്ങി
നിന്നെ ജീവിതസരണിയിലാക്കിയ
മാതൃജീവനൊടുങ്ങും മുമ്പേ
ശവക്കുഴിയൊരുക്കിയപ്പോ
എന്‍റെ ഹൃദയതാളം മുറിഞ്ഞാ
ഇടിമുഴക്കമായെത്തുന്നതെന്നും
ഞാന്‍ പറഞ്ഞീലാ..

ചോരക്കുഞ്ഞിന്‍റെ ചുണ്ടിലും
രതിഭോഗംചെയ്യും നരാധമന്‍
ജാമ്യംതേടി പൊതുവേദിയില്‍
സദാചാരം വിളമ്പികേട്ടപ്പോ
വന്ന കോട്ടുവായാണ്
കൊടുങ്കാറ്റായതെന്നും
ഞാന്‍ പറഞ്ഞീലാ..

കൊതിപ്പിച്ച് കൊതിപ്പിച്ച്
തിരയടങ്ങുവോളം നീ രമിച്ച്
പിന്നെ പുഴുവരിച്ച്, ചിതലരിച്ച്
ഒടുങ്ങാതെയാകുമ്പം
എന്നിലേക്കെത്തു‌വാന്‍
എന്‍റെ കനിവിനാല്‍ ചൊരിയുന്നതാ
രാത്രിമഴയെന്നും ഞാന്‍ പറഞ്ഞീലാ..

ഞാന്‍ പറയുന്നില്ല..
ഒരു നുര, തിരയായ്
ആകാശംമുട്ടെ വളരാന്‍ കൊതിച്ച്
കാത്തിരിക്കുന്നത്
ഞാന്‍ പറയുന്നില്ല..

17 June 2011

ഈ ആകാശമെന്തിനാ തുറിച്ചുനോക്കുന്നേ?

ചുറ്റുമതിലിന്‍റെ
തെക്കുവടക്ക് വശങ്ങളില്‍
നിഴല്‍ പാത്തിവച്ചി-
റങ്ങുമ്പോഴാണ്
ഇവിടെ പ്രഭാതമെത്തുന്നത്

അഴികള്‍ക്കിപ്പുറം
വെയില്‍ കളം വരക്കുമ്പോള്‍
പുലഭ്യം ഞങ്ങളെ
നിത്യവും വിളിച്ചുണര്‍ത്തും

വക്കുകറുത്ത വെള്ളപ്പാത്രവും
വാക്കുകറുത്ത വാര്‍ഡനും
വാനോളം ഉയര്‍ന്ന്
ചക്രവാളം മറച്ച
കുമ്മായവെളുപ്പിന്‍റെ
നിസ്സംഗതയും
നിത്യവും ഒരേ കാഴ്ച


താനറിയാതെ
മായം കലര്‍ന്നെത്തിയ
പീടികക്കാരന്‍ മുഹമ്മദും,
വിലക്കുതന്ന വ്യാജനെ
തിരിച്ചറിയാതെത്തിയ
മീന്‍കാരന്‍ ഔസേപ്പും,
മനസ്സറിയാതെ മരണം
വിധിച്ച മാധവനും
അവരുടെ അമേദ്ധ്യത്തിനും
ഒരേ നിറം ഒരേ ഗന്ധം

വരകള്‍ക്ക് പുറത്ത്
നീതിപുലരാന്‍ വരകള്‍-
ക്കകത്തിടം നേടിയവര്‍

എല്ലാവര്‍ക്കും ഒരേ ചോദ്യം.
ഈ ആകാശമെന്തിനാ
എപ്പോഴുമിങ്ങനെ
തുറിച്ചുനോക്കുന്നേ?

10 June 2011

ഭിക്ഷ

വിധിയേത് കൊണ്ടമ്മേ
എന്‍ വിരല്‍ത്തുമ്പിലീ
ഭിക്ഷാപാത്രം ചേര്‍ത്തുവച്ചു

കാലുറക്കും നാള്‍കളില്‍
കൈകളില്‍ തന്നപ്പോള്‍
കളിപ്പാട്ടമാണന്നേ ധരിച്ചതുള്ളു

കനിവിന്‍റെ പുച്ഛം
കലര്‍ന്നെത്തും തുട്ടുകള്‍
പറയാതെയെന്നോട്
പറഞ്ഞുതന്നു

ചിരിനല്‍കിയെന്നെ
മണിമുകിലേറ്റുന്ന
കളിപ്പാട്ടമല്ലെന്ന്
ഞാനറിഞ്ഞു

വിശപ്പിന്‍റെ സൂര്യന്‍
ഉച്ചിയിലെത്തുമ്പോള്‍
വിരല്‍ത്തുമ്പിലൊട്ടി
ച്ചേര്‍ന്നൊരാപ്പാത്രം
തണലായി എന്നും
കൂടെ നിന്നു

കുറവിന്‍റെ ബാഹുല്യം
കൊണ്ടൊരു ശൂന്യത
എന്നുമാ പാത്രത്തില്‍
നിറഞ്ഞു നിന്നു

അവജ്ഞയോടെങ്കിലും
ഒരരിമണി നീട്ടിടുമ്പോള്‍
കരളിലെന്‍റെ ഒരുനുള്ളു
കലര്‍ത്തീടുവാന്‍
അറിയാതെയുള്ളം
കൊതിച്ചുപോയി.

09 June 2011

നീയെടുക്കുക..

നീയെടുക്കുക....
അണുവിന്‍റെ അളവോളം
എത്താത്ത ഉണ്മതന്‍
തിരിനാളം നീയെടുക്കുക..

ഇടിമുഴക്കങ്ങള്‍ക്കൊടുവില്‍
നിശ്ശബ്ദമായെത്തുന്ന
ക്ഷിപ്രസ്ഫുരണങ്ങളില്‍
കൊരുത്തുഞാന്‍
നിന്നിലേക്കെത്തട്ടെ!
നീയെടുക്കുക..

ശിലപോല്‍ മരവിച്ച
വിണ്ണിന്‍റെയാഴത്തില്‍
നീന്തിത്തുടിക്കണം

ചക്രവാളങ്ങളില്‍
ഘനശൈലശയ്യയില്‍
അഗ്നിയെപ്പുണര്‍ന്നല്‍പം
ശയിക്കണം

കൊടുംങ്കാറ്റിന്‍റെ
കരളിലേക്കാഴ്ന്ന്
നക്ഷത്രങ്ങള്‍ക്കുമപ്പുറം
സര്‍ഗ്ഗവിസ്മയം നുകര്‍ന്ന്
നിന്‍റെ ശവകുടീരവും
രക്തം തുടിക്കുന്ന
ഹൃദയങ്ങള്‍ പൂത്ത
ഉദ്യാനവും കാണണം

പിന്നെ...
പേറ്റുനോവിന്‍റെ
തീക്കനലാറും മുമ്പേ
നീയെടുത്തൊരായിരം
പൈതലിന്‍
പരിഭവം കേള്‍ക്കണം

ഒടുവില്‍....
ഒരു പോക്കന്‍ മഴയിലെ
ഒരൊറ്റത്തുള്ളിയായ്
നിപതിച്ച്
ഒരു കുഞ്ഞിന്‍റെ കവിളില്‍
തെറിച്ച്
ആ ചിരിയില്‍ ലയിച്ച്
പ്രപഞ്ചമാകെ പടരണം.
നീയെടുക്കുക...

അണുവിന്‍റെ അളവോളം
എത്താത്ത ഉണ്മതന്‍
തിരിനാളം നീയെടുക്കുക..

05 June 2011

നിശ്ചലം

ജീവിതത്തിന്‍റെ വരണ്ട
പാടശേഖരങ്ങളില്‍
നിര്‍ജലീകരണം സംഭവിച്ച
പശമണ്ണ് പഞ്ചഭുജങ്ങളായി
ഭിന്നിച്ച് നിന്നു.

ഒരുമയില്‍ സഫലമാകുന്ന
ഒരായിരം സ്വപ്നങ്ങളുടെ
കൊയ്ത്തുപാട്ട്
മണ്ണിന്‍റെ മാറില്‍ തേട്ടിവന്നു

പൈതൃകമെല്ലാം ചരക്കാക്കി
ശവംതീനിപ്പക്ഷികള്‍
കാവലിരുന്നു.
വിലക്കുവാങ്ങിയ അഴുക്കുവെള്ളം
തലക്കുമുകളില്‍നിന്ന് അന്നനാളം വഴി
അടിവയറ്റിലെത്തിയപ്പോള്‍
കുട്ടിയുടെമുഖത്ത് പരസ്യത്തിളക്കം

ചിന്തകളും ശരീരവും
സ്വീകരണമുറിയുടെ
കോണുകളില്‍ നിക്ഷേപിച്ച്
അനുസരണയുള്ള പ്രജയാകാന്‍
മനുഷ്യക്കോലങ്ങള്‍ മത്സരിച്ചു.

സത്യത്തിന്‍റെ വഴികള്‍

രക്തത്തിന്‍റെ ശോണിമയെല്ലാം
സായാഹ്നസൂര്യന്‍ അപഹരിച്ചു.

പോരാളികളെല്ലാം മൂന്നുകാലുള്ള*
ഇരിപ്പടങ്ങള്‍ തേടി.

സങ്കീര്‍ണ്ണതകളില്‍ അസ്വസ്ഥരാകുന്ന
യുവത്വം ചീവീടുകളുടെ ശബ്ദത്തില്‍
പരസ്പരം വിളിച്ചുണര്‍ത്തി.

ദൃശ്യങ്ങള്‍ കവര്‍ന്ന തലച്ചോറിന്‍റെ
ശൂന്യതയില്‍ ചിലന്തികള്‍ വലതീര്‍ത്തു

കട്ടിപ്പുസ്തകത്തിന്‍റെ ആലങ്കാരികതയില്‍
സാംസ്കാരിക പൊയ്മുഖം പല്ലിളിച്ചു.

കാമാഗ്നിയുടെ കറുത്ത നാളങ്ങള്‍
കരിയുടെമേല്‍ നൃത്തംവച്ചു.
പുഴയുടെ അഗാധങ്ങളില്‍
ചിതലുകള്‍ കൂടൊരുക്കി.

ശാന്തിതേടുന്ന കഴുതകള്‍
അനുഗ്രഹം നിറച്ച പൊതികള്‍ക്ക്
ഉറക്കമൊഴിഞ്ഞ് കാത്തുനിന്നു.

അനുനയത്തിന്‍റെ ഭാഷണങ്ങളില്‍
വിപ്ലവകാരികള്‍ ശീതീകരിച്ച
ചെറ്റക്കുടിലുകളില്‍ അഭയംതേടി

നിറങ്ങളുടെ പക്ഷപാതങ്ങളില്‍
മഴവില്ലുകള്‍ക്ക് നിറംപോരാ
​എന്നുചൊല്ലി ഞാനും വെറുതെയിരുന്നു

(എത് പ്രതലത്തിലും അനുയോജ്യം)

യാത്ര

നീണ്ട യാത്രക്ക് ഒരുങ്ങുകയാണ്
ബ്രഡ് പീസുകള്‍ അടുക്കിയപോലെ
അവയെ ചേര്‍ത്തുവച്ചു

യാത്രയിലുടനീളം അവ
ഒരുമിച്ചു ദാഹിച്ചു
ഒരുമിച്ചു വിശന്നു

പാതയുടെ വളവുകള്‍ക്കും
ചരിവുകള്‍ക്കുമനുസൃതം
ചാഞ്ഞും ചരിഞ്ഞും
തെറ്റാതെ നിന്നു

തീഷ്ണമായ വെയിലില്‍
ഒരിറ്റുനീരിനായ് യാചിച്ചില്ല

കയ്കാലുകള്‍ നിവര്‍ത്താന്‍
ഇടവും ചോദിച്ചില്ല


നേരംപോക്കിനുള്ള
പ്രചണ്ഡ പ്രഹരത്തില്‍
കണ്ണീര്‍ വാര്‍ത്തില്ല

വഴിയോരത്തെ പച്ചപ്പില്‍
മനം കുളിര്‍ത്തില്ല

നിസ്സഹായതയില്‍
നിസ്സംഗതയില്‍ പരസ്പരം
അനുസരണയുള്ളവരായി

നാളെ നമ്മുടെ വിശപ്പകറ്റാന്‍
സംവേദനങ്ങള്‍ക്ക് വിടനല്‍കി
ഒരുങ്ങുകയായിരന്നു.

02 June 2011

അവള്‍

സദാചാരത്തിന്‍റെ കാവല്‍ നായ്ക്കള്‍
പൂമരത്തിനു ചുറ്റും കുരച്ചുനിന്നു

വിലപറയുന്ന പോത്തിനെ സ്മരിച്ചുകൊണ്ട്
കാല്‍ വിരലിനാല്‍ ചിത്രം വരച്ച ദിനങ്ങള്‍

വിരുന്നുകാര്‍ ചായകഴിഞ്ഞ് മടങ്ങുമ്പോള്‍
അമ്മയുടെ നെഞ്ചില്‍ കനല്‍മഴ

ഇറച്ചിയുടെ നിറവും ചുമട്ടുകൂലിയും
തമ്മിലുള്ള വൈരുദ്ധ്യം കൊണ്ട്
ഇരുട്ടുമുറിയിലവള്‍ തപസ്സിരുന്നു

ഒടുവില്‍...തേരിലെത്തുന്ന രാജകുമാരനെത്തേടി
സ്പനത്തിലേക്ക് തേരേറിപ്പോയവള്‍

പുരനിറയലിന്‍റെ വീര്‍പ്പുമുട്ടലുകളില്‍ നിന്ന്
പുരയിറങ്ങിപ്പോയവള്‍
പര്‍വ്വതങ്ങളിലും ആകശച്ചരിവിലും
ജീവിച്ച് എനിക്കൊപ്പം നടന്നവള്‍

എന്‍റെ കണ്ണുകളില്‍ സൂര്യനുദിക്കന്നു...
എന്‍റെ ചുറ്റിലും വിഷസര്‍പ്പങ്ങള്‍...
എന്‍റെ കാതുകളില്‍ കടലിരമ്പല്‍...

അമ്മയോടുള്ള വിലാപങ്ങളില്‍
അയഥാര്‍ഥങ്ങളുടെ വേലിയേറ്റങ്ങള്‍

ബ്രഹ്മാണ്ഡം മുഴുങ്ങുമാറുച്ചത്തില്‍
അവള്‍ നിലവിളിച്ചുകൊണ്ടിരുന്നു

കാല്‍ച്ചിലമ്പിന്‍റെ ആരവംപോല്‍
അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു

ഭ്രാന്തമെന്ന് പിറുപിറുക്കുന്നവര്‍ക്കിടയില്‍
വിഭ്രാന്തിയുടെ സ്വാതന്ത്ര്യത്തില്‍
മഴയറിയാതെ..വെയിലറിയാതെ..
തുടക്കവും ഒടുക്കവുമറിയാതെ..

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...