13 November 2011

ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ തത്വശാസ്ത്രം


ഇന്ന് സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ വഴി സാമൂഹികമായി വിപ്ളവങ്ങള്‍ സൃഷ്ടിക്കാവുന്ന തരത്തില്‍ സംവിദിക്കാനാകുന്നത് വിവരസങ്കേതികത്വത്തിന്‍റെ പാതയിലൂടെ കൈവാരാവുന്ന അതിവിപ്ളവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. 1960 മുതലുള്ള ഡിജിറ്റല്‍ നെറ്റ് വര്‍ക്കിംഗ് കമ്മ്യൂണിക്കേഷന്‍ രംഗത്തെ കണ്ടെത്തലുകളിലൂടെ നാമിന്ന് നിര്‍വ്വചിക്കാനാകാത്ത രീതിയയില്‍ സാങ്കേതികമായും വൈജ്ഞാനികമായും നവസംസ്കാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ 1995 ആഗസ്റ്റ് 15 നാണ്  ഡല്‍ഹി, ബോംബെ, കല്‍ക്കട്ട, ചെന്നൈ, പൂനെ എന്നിവിടങ്ങളില്‍ ആദ്യമായി ഇന്‍റര്‍നെറ്റ് അവതരിപ്പിക്കുന്നത്. പിന്നെയും മൂന്നുവര്‍ഷത്തിനുശേഷം 1998 ല്‍ ആണ് കേരളത്തില്‍ vsnl ഇന്‍റര്‍നെറ്റ് സര്‍വ്വീസ് ആരംഭിക്കുന്നത്. ലോകമെമ്പാടും ഇന്‍റര്‍നെറ്റ് സാന്ദ്രത അനുദിനം സ്ഫോടനാത്മകമായി വ്യാപിക്കുകയാണ്. നമ്മള്‍ മലയാളികളും കാലത്തനൊപ്പം ചുവടുവക്കുന്നു. ഇന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിലെ ഗ്രൂപ്പുകള്‍ വഴി വ്യത്യസ്ത അഭിരുചികളിലുള്ളവര്‍ നല്ല ആരോഗ്യകരമായി ആശയവിനിമയം നടത്തുന്നുണ്ട് .വിവരങ്ങള്‍ പങ്കുവക്കാനും അതുവഴി കരിയറില്‍ അനുദിനം ആധുനികമാകാന്‍ വ്യക്തികളെ ഒരു പരിധിവരെ അത് പ്രാപ്തരാക്കുന്നുമുണ്ട്. ഇന്ന് പ്രചുരപ്രചാരം നേടിയ ഓര്‍ക്കുഡും ഫേസ്ബുക്കും ഒരു മാസത്തിന്‍റെ വ്യത്യാസത്തില്‍ 2004 ജനുവരി ഫെബ്രുവരിയില്‍ ആയാണ് തുടങ്ങിയത് .എങ്കിലും മലയാളികളുടെ ഇടയില്‍ ഓര്‍ക്കുഡ് ആണ് ആദ്യം പ്രചാരം നേടിയത് അതിലെ പരിമിധികളെ കവച്ചുവെക്കുന്ന സവിശേഷതകള്‍ അവതരിപ്പിച്ചതിനാലാകും ഫേസ്ബുക്ക് ഇന്ന് 800 മില്യണ്‍ സജീവ അംഗങ്ങളുമായി മുന്നേറുന്നത് . ഓര്‍ക്കുഡിന് ഇപ്പോള്‍ 66 മില്യണ്‍ അംഗങ്ങളാണ് ഉള്ളത്. 2006 ജൂലായ് 15 ന് ആരംഭിച്ച ടിറ്റ്വര്‍ 140 മില്യണ്‍ അംഗങ്ങളുമായി വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്ന ചര്‍ച്ചകള്‍ക്ക് വേദിയാകുന്നുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ വിപണന സാധ്യത ഉപയോഗപ്പെടുത്താന്‍ ഗൂഗ്ള്‍ അതിന്‍റെ ജീമെയിലില്‍ ഉള്ള Buzz സംവിധാനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ച്  google+ ലേക്ക് 2011 ജൂണ്‍ 28ന് കാലെടുത്ത് വച്ചത്. ഇത് ആ മേഖലയിലെ മത്സരങ്ങളെയും വെളിച്ചത്ത് കൊണ്ടുവരുന്നു. 2011 ഒക്ടോബര്‍ ആയപ്പോഴേക്കും google+ ല്‍ 40 മില്യണ്‍ അംഗങ്ങളായി എന്നാണ് കണക്കുകള്‍ ഉദ്ധരിച്ച് അവര്‍ അവകാശപ്പെടുന്നത്. പ്രബലരായ ഇവരോടൊപ്പം മറ്റു വ്യത്യസ്ത അഭിരുചികളിലുള്ളവരെ കൂട്ടിയിണക്കുന്ന അനേകം നെറ്റ് വര്‍ക്ക്  സൈറ്റുകളും നിലവിലുണ്ട്  LinkedIn, Netlog, Hi5 മുതലായവ അതില്‍ ചിലതുമാത്രം.  ചില രാജ്യങ്ങളില്‍ മാത്രം ഒതുങ്ങിയതുമായ നിരവധി നെറ്റുവര്‍ക്കുകളും സുലഭം. ഇതിലൂടെ വ്യക്തമാകുന്നത് ഡിജിറ്റല്‍ നെറ്റ് വര്‍ക്കിംഗ് കമ്മ്യൂണിക്കേഷനിലൂടെ ചെറിയ കാലയളവിനുള്ളല്‍ മനുഷ്യന്‍ നേടുന്ന അഭൂതപൂര്‍വ്വമായ വളര്‍ച്ചയെയാണ്. അവന്‍റെ മാറിമറയുന്ന പുതു സംസ്കാരത്തെയാണ്. അതിനുപുറമെ യഥാര്‍ത്ഥലോകത്തിന്‍റെ മായകാഴ്ചകളെ പുനഃവതരിപ്പിക്കുന്ന ത്രിമാനലോകവും ഇന്ന് നിരവധിയുണ്ട്. അടക്കിപ്പിടിക്കുന്ന ചിലവികാരങ്ങള്‍ സാങ്കല്പികമായി  അനുഭവിക്കാന്‍ വരെ അത് ഇന്ന് വേദിയാക്കുന്നു.അതിലൂടെയും വിപണിക്ക് വിപുലമായ സാദ്ധ്യതകളുണ്ട്. ലോകത്തിന്‍റെ രണ്ടു കോണിലിരിക്കുന്ന പ്രണയിതാക്കള്‍ക്ക് അതിലൂടെ സാങ്കല്പികമായി ബീച്ചിലും പാര്‍ക്കിലും മറ്റു ഇടങ്ങളിലും ഇച്ചാനുസരണം തൊട്ടുരുമിനടക്കാനും കഴിയുന്നു. അത് സാങ്കേതികത്വത്തിന്‍റെ മറുവശങ്ങള്‍.

പുതിയകാലത്തിന്‍റെ പുതിയരൂപങ്ങളില്‍ മനുഷ്യന്‍ അവന്‍റെ നിലനില്പിനാവശ്യമായ സാങ്കേതികത്വവും വിവരങ്ങളും തേടുന്നതിനൊപ്പം അവന്‍ നിലനില്‍ക്കുന്ന കാലത്തിന്‍റെ സ്പന്ദനങ്ങളും വരച്ചിടാന്‍ വ്യഗ്രത കാട്ടുന്നു. അങ്ങനെ അച്ചടിയില്‍ മാത്രമായിരുന്ന അക്ഷരങ്ങളിലെ അറിവിന്‍റെയും സാഹിത്യത്തിന്‍റെയും രൂപങ്ങള്‍ക്ക് പുതിയമാനങ്ങള്‍ കൈവരുന്നു. ബ്ലോഗ്  എഴുത്തുകള്‍ നല്ല നിലവാരം പുലര്‍ത്തുന്നവയായിവരുന്നു. ഇതെല്ലാം തങ്ങളുടെ നിലനില്പിനെ ബാധിച്ചേക്കുമോ എന്ന ഭയത്താലാകും  സാങ്കേതികത്വത്തിന്‍റെ വഴിയില്‍ വ്യപരിക്കാനാകാത്ത ചില മുഖ്യധാര എഴുത്തുകാര്‍ ഒളിഞ്ഞും തെളിഞ്ഞും E എഴുത്തുകളെ മൊത്തം അധിക്ഷേപിക്കുന്ന വിമര്‍ശനങ്ങളുമായി വരുന്നത്. വായന മരിക്കുന്നു എന്ന് വിലപിക്കുന്ന ഘട്ടത്തില്‍ വായനയിലേക്കും എഴുത്തിലേക്കും വലിയൊരു വിഭാഗത്തെ അടുപ്പിക്കാന്‍ ഇന്‍റര്‍നെറ്റ് വഴിയൊരുക്കുന്നുണ്ട് . തിരിച്ചറിവില്ലാത്തവര്‍ ചതിക്കുഴിയിലേക്കും എത്തിപ്പെടുന്നുണ്ടെന്നതും സത്യമാണ്. ഇത്തരം ഓണ്‍ലെന്‍ കൂട്ടായ്മവഴിയും അനുദിനമുള്ള വിഷയങ്ങളില്‍ ഗ്രൂപ്പ് ചര്‍ച്ചകളിലുടെയും ബ്ലോഗ് എഴുത്തിലൂടെയും ചെറിയൊരുശതമാനത്തെ വേറിട്ട് ചിന്തിപ്പിക്കുന്ന തരത്തില്‍ സ്വാധീനിക്കാനാകുന്നുണ്ട് എന്നത് സന്തോഷകരമാണ്. ഇത് നാളെകളില്‍ സമൂഹത്തെ പുനനിര്‍ണ്ണയിക്കാന്‍ വലിയൊരു വിഭാഗം സജീവമാകും എന്നിന്‍റെ ശുഭസൂചനയാകാം. ഇന്ന് ഫേസ്ബുക്കില്‍ മലയാളികള്‍ മാത്രമുള്ള ഗ്രൂപ്പുകളുടെ എണ്ണം ചിന്തിക്കുന്നതിലപ്പുറമാകാം. ചിലര്‍ പറയുന്ന കേള്‍ക്കാം ഒരാള്‍ തന്നെ നൂറോളം ഗ്രൂപ്പില്‍ അംഗമാണെന്ന്.  ഒരു ന്യൂനപക്ഷം ഇതില്‍ അത്യാസക്തരായി വഴിപിഴക്കുന്നുണ്ടെന്നതും തിരിച്ചറിയണം.ഈയുള്ളവനും നിരവധിഗ്രൂപ്പുകളില്‍ ആരൊക്കൊയാലോ ചേര്‍ക്കപ്പെട്ടിട്ടുണ്ട് അതിന്‍റെ ഉപജ്ഞാതാക്കള്‍ക്ക് അത്തരമൊരുകൂട്ടായ്മ എന്തിന് നിലകൊള്ളണമെന്ന് വ്യക്തമായ ഒരു കാഴ്ചപ്പാടും അവതരിപ്പിക്കാനായിട്ടില്ല എന്നതാണ് അവരെ വായിച്ചതില്‍ നിന്നും ബോദ്ധ്യപ്പെട്ടിട്ടുള്ളത്. ആ തിരിച്ചറിവില്‍ അതില്‍ നിന്ന് സ്വയം ഇറങ്ങിപോരുന്നതിനാല്‍ ഗ്രൂപ്പുകളുടെ എണ്ണം എന്നെ അലോസരപ്പെടുത്തുന്നില്ല എന്നത് സ്വയം ആശ്വസിക്കാനാകുന്നു.  രാഷ്ടീയചര്‍ച്ചകള്‍ക്കും സാഹിത്യചര്‍ച്ചകള്‍ക്കും ഗ്രൂപ്പുകള്‍ വേദിയാകുന്നതോടൊപ്പം അതുവഴി നല്ല സൗഹൃദങ്ങളും വളരുന്നുണ്ട്. അതിലൂടെ തന്നെ സൗഹൃദങ്ങളെ പലവഴിയില്‍  ചൂഷണചെയ്യാന്‍ തക്കം പാര്‍ത്തിക്കുന്നവരും കുറവല്ല.  ലോകത്തിന്‍റെ വ്യത്യസ്തകോണില്‍ നിന്നും നാലുചവരുകള്‍ക്കുള്ളിലിരുന്നു മനുഷ്യന്‍ സര്‍വ്വസ്വാതന്ത്ര്യത്തോടെ  വിപ്ലവകരമായ അഭിപ്രായപ്രകടനങ്ങളാണ് നടത്തുന്നത് . ഇതുവരെ വായ്മെഴിയായി മാത്രം താന്‍ ബന്ധപ്പെടുന്നവരോട്  സംവദിച്ചിരുന്നവര്‍ക്ക് വലിയൊരു വായനക്കാരെയാണ് മുന്നില്‍ കിട്ടിയിരിക്കുന്നത്. അതിനാലാണ് ഇത്തരം ഗ്രൂപ്പുകളില്‍ പലരും കുളിമുറിയിലെ ഗാനംപോലെ ചെറിയചിന്തകളെയെല്ലാം മുറിചെചഴുതി കവിതകളായും കഥകളായും അവതരിപ്പിക്കുന്നത്. അതോടൊപ്പം തന്നെ സര്‍ഗ്ഗാത്മകത കനിഞ്ഞുകിട്ടിയ പ്രതിഭകളും ഈ ഇയിടങ്ങളില്‍ വലിയൊരളവുണ്ടെന്നത് നമ്മുടെ സാഹിത്യമേഖലക്ക് ആശാവഹമാണ്. അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ആരംഭശൂരത്വത്തിനുശേഷം, പലഗ്രൂപ്പും നിര്‍ജ്ജീവമാകുന്നതായാണ് കണ്ടിട്ടുള്ളത്. അതിന് തുടക്കം കുറിച്ചവര്‍ക്കുതന്നെ അതില്‍ എത്തിനോക്കാന്‍ സമയം കിട്ടാത്തും ഒരുപരിധിവരെ കാരണമാകാം. നല്ലൊരു ശതമാനം ഗ്രൂപ്പും തുടക്കമിടുന്നത് തന്‍റെ അഭിപ്രായങ്ങള്‍ മറ്റേതെങ്കിലും ഗ്രൂപ്പില്‍ ഇഴപിരിച്ച് വിമര്‍ശിക്കപ്പെടുമ്പോള്‍ സ്വയമിറങ്ങിപ്പോകുകയോ ഇറക്കിവിടുകയോ ചെയ്യുമ്പോഴാണ്. അതിനാല്‍ ആവികാരം കെട്ടടങ്ങുമ്പോള്‍ ഗ്രൂപ്പും കെട്ടടങ്ങും. ഇത്തരം ഓണ്‍ലൈന്‍ കൂട്ടായ്മകളെ സദാസമയമിരുന്നു നയിക്കുക എന്നത് അപ്രായോഗികമെന്ന് പറയേണ്ട ആവശ്യമില്ലല്ലോ. അതിനാല്‍ തന്നെ മതപരവും രാഷ്ട്രീയവുമായ അഭിപ്രായപ്രകടനങ്ങളില്‍ സ്വയം നിയന്ത്രണമില്ലെങ്കില്‍ മുഖംചുളിക്കുന്ന അസഭ്യങ്ങള്‍ വാങ്ങിക്കൂട്ടാനും സാധ്യത കൂടുതലാണ്. അതിന് മറുപടിപറയേണ്ടിവരുമ്പോള്‍ മറ്റുള്ളവരുടെ മുമ്പില്‍ നാം വീണ്ടും ചെറുതാകുന്ന വലിയ സിഥിതിവിശേഷവും കൈവരും. പല വിഷയങ്ങളും കൈകാര്യം ചെയ്യുന്ന നിരവധി ഫോറങ്ങള്‍ നിലവിലുണ്ട് ഇംഗ്ലീഷ് ഭാഷയിലുള്ള അത്തരം ഫോറങ്ങളില്‍ ആരെങ്കിലും അസംഭ്യമായ വാക്കുകള്‍ ഉപയോഗികിച്ചാല്‍ സ്വയമേവ അത് നീക്കം ചെയ്യപ്പെടും ആവര്‍ത്തികുന്ന അംഗത്തിന്‍റെ അംഗത്വവും തന്നെത്താനെ നഷ്ടപ്പെടുകയും ചെയ്യും. ഈ സംവിധാനമെല്ലെ ഫേസ്ബുക്ക്പോലുള്ള നെറ്റ് വര്‍ക്കില്‍ പ്രാദേശികഭാഷകളില്‍ ഉണ്ടെങ്കില്‍ ഒരുപരിധിവരെ അതിലെ ഗ്രൂപ്പുകള്‍ വഴിതെളിച്ചു കൊണ്ടുപോകുന്നവര്‍ക്ക് ഗുണകരമാകും. അതെല്ലാം അടുത്തകാലത്തെന്നും പ്രതീക്ഷിക്കപോലും വേണ്ടതാനും.

 ഇന്ന് ഫേസ്ബുക്കില്‍ കവിതക്കും കഥക്കും നര്‍മ്മത്തിനും രാഷ്ട്രീയത്തിനും യുക്തിവാദത്തിനും കൃഷിക്കും മുതല്‍ മനുഷ്യന്‍ ഇടപെടുന്ന എല്ലാ മേഖലക്കും എണ്ണമറ്റഗ്രൂപ്പുകളുണ്ട്. ഈ പുത്തന്‍ സങ്കേതത്തിലൂടെ സമൂഹത്തെ നേര്‍വഴിതെളിക്കാന്‍ ശരിയായരീതിയില്‍  ഇടപെടാന്‍ ഇത്തരം കൂട്ടായ്മയിലൂടെ ആയാല്‍ അത് ഒരു രാഷ്ട്രീയ സേവനംപോലെ അഭിന്ദനമര്‍ഹിക്കുന്ന ഒന്നാകും. ആ വഴിയില്‍ ചിന്തിക്കുമ്പോഴാണ് പുരോഗമനപരത ഉയര്‍ത്തിപ്പിടിച്ച്  അതിനായി ചെറിയ സമയം ചിലവഴിക്കാനാകുന്നവര്‍  ഇത്തരം കൂട്ടായ്മയിലൂടെ എന്ത് ലക്ഷ്യം വക്കണം, അതിന്‍റെ തത്വശാസ്ത്രം എന്താകണമെന്നതിന്‍റെ പ്രസക്തി. കൃഷിയെപ്പറ്റി ഒരു ഗ്രൂപ്പുണ്ടാക്കിയാല്‍ അതില്‍ വിത്തുകളെയും ,കീടങ്ങളെയും  അതിനിടുന്ന വളങ്ങളെയും,കാലാവസ്ഥയെയും, വിലയെയും, വിപണിയെയുംകുറിച്ച് ചര്‍ച്ചചെയ്യാം അവിടവരെ അഭിപ്രായവിത്യാസങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടാകില്ല. എന്നാല്‍ വിപണി നിയന്ത്രിക്കുന്നവരെയും വിലയിടിവിന്‍റെ കാരണത്തെയും ചര്‍ച്ചചെയ്താല്‍ അതില്‍ രാഷ്ടീയം കടന്നുവരും. അവിടെ അഭിപ്രായങ്ങളുടെ ശരിതെറ്റുകളെ പരിശോധിച്ച് വിധികല്പിക്കേണ്ട ബാധ്യത അത്തരമൊരു ഗ്രൂപ്പ് നിര്‍മ്മിച്ചവരുടെ ബാധ്യതയായി മാറുന്നു. നേരാം വിധമല്ലെങ്കില്‍ അത് ഗ്രൂപ്പിന്‍റെ നാശത്തിലേക്കും വഴിതെളിക്കും. ഇതിലൂടെ വ്യക്തമാകുന്നത് വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലൂടെ, വിദ്യാഭ്യാസത്തിലൂടെ, സാമ്പത്തികസാഹചര്യങ്ങളിലൂടെ,ജീവിത വീക്ഷണത്തിലൂടെ കടന്നുവരുന്നവര്‍ ഒരു വേദിയില്‍ മാറ്റുരക്കുമ്പോള്‍ ഉടലെടുക്കാവുന്ന പ്രകോപനത്തിന്‍റെയും അസഹിഷ്ണുതയുടെയും അസ്വസ്ഥതയുടെയും വ്യാപ്തി ചൂണ്ടിക്കാണിക്കാനാണ്. ആ നിലക്ക് വലിയ ഉത്തരവാദിത്വമെന്ന നിലയില്‍ സര്‍വ്വാത്മന പുരോഗമനപരത കൈവരിക്കണമെന്ന ആശയവുമായി നിലനില്‍ക്കുന്ന ഗ്രൂപ്പുകള്‍ നയിക്കാനുള്ള വെല്ലുവിളി തിരിച്ചറിയേണ്ടത്. ഉദാഹരണമായി ഗാന്ധിസം ആശയമുള്‍ക്കൊണ്ടവരെ മാത്രമുള്‍ക്കൊള്ളുന്ന ഗ്രൂപ്പുണ്ടെങ്കില്‍ അതിലെ ചര്‍ച്ച  ആ വീക്ഷണത്തിലെ ഗുണഗണങ്ങളെയും പോരായ്മകളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് മാത്രമാകും അതില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ക്കും സാധ്യതയേറെ. ആ ആശയപ്രചരണത്തിന്‍രെ ആവശ്യകത മുന്നില്‍ നില്‍ക്കുമ്പോള്‍ അത്തരമൊരു പാര്‍ശ്വവല്‍ക്കരണത്തിന്‍റെ അനൗചിത്യം ആലോചിക്കാവുന്നതേയുള്ളു. നിലനില്‍ക്കുന്ന സമൂഹം പോരായ്മകളുടെ കൂമ്പാരമെന്ന് ബോദ്ധ്യമുള്ളപ്പോള്‍ , എല്ലാ മനുഷ്യന്‍റെയും രക്തം ചുവപ്പെന്ന് തിരിച്ചറിവുള്ളപ്പോള്‍ , എല്ലാവര്‍ക്കും വിശക്കുമ്പോള്‍ ഭക്ഷണമാണ് ആവശ്യമെന്ന് അറിവുള്ളപ്പോള്‍ ഇത്തരം നവ സംഘങ്ങളിലൂടെ മനുഷ്യമനസ്സിനെ തിരുത്താന്‍ ആരോഗ്യകരമായി ഇടപെടാന്‍ കഴിയുന്നവര്‍  ഒരു വര്‍ഗ്ഗവ്യത്യാസവും മുന്നോട്ട് വക്കാത്ത കൂട്ടായ്മകള്‍ ഉണ്ടാക്കുകയും അത് നിലനിര്‍ത്താന്‍ യത്നിക്കുകയും ചെയ്യുകയാണ് സേവനമെന്ന പദത്തോട് നീതിപുലര്‍ത്തി ലോകത്തിനുവേണ്ടി തന്നാലാകുംവിധം ചെയ്യാനാകുന്ന സത് കര്‍മ്മം. ഒന്നും ഒന്നും മൂന്നാണെന്ന് പറയുന്നവനെ തിരുത്താനാകണമെങ്കില്‍ ആദ്യം അവനെ ഉള്‍ക്കൊള്ളാനാകണം. അവനെ നിലനിര്‍ത്താനുമാകണം. അധമചിന്തയോടെ എഴുതുന്നവനെ സംയമത്തോടെ ഓരോത്തരും അവനവന്‍ തിരിച്ചറിഞ്ഞ നേര്‍വഴിയിലൂടെ ക്ഷമാപൂര്‍വ്വം തിരുത്തലിനുവേണ്ടി എഴുതി സ്വാധീനിക്കാന്‍ ശ്രമിക്കുക എന്നതാണ് ശരിയായ മാര്‍ഗ്ഗം. നേടിയ അറിവിന്‍റെ വഴിയില്‍ എല്ലാവര്‍ക്കും അവര്‍ ചിന്തിക്കുന്നതും പറയുന്നതും ആദ്യം നൂറു ശതമാനം ശരിയെന്ന വിചാരത്തിലാകും. അതിന് അവരെ കുറ്റപ്പെടുത്താനാകുമോ?  അതിലെ പോരായ്മകള്‍ നിരര്‍ത്ഥകത ബോദ്ധ്യപ്പെടുത്താനാകുന്നവര്‍ തന്നെ അസഹിഷ്ണുത പ്രകടിപ്പിച്ചാല്‍ അവന്‍ അതേവഴില്‍തന്നെ ചരിക്കുകയുള്ളു. ചിലതീവ്രവികരാങ്ങളിലൂടെ ബോധപൂര്‍വ്വം ഇടപെടുന്നവരെ നമുക്ക് വേഗം തിരിച്ചറിയാനാകും അവരെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കുക എന്നത് അനായാസം നടക്കുക തന്നചെയ്യും. വ്യത്യസ്ഥ ആശയങ്ങള്‍ പങ്കുവക്കുമ്പോള്‍ മാത്രമേ യാഥാര്‍ത്ഥ വെളിച്ചത്തിലേക്ക് ഒരാളെ നയിക്കാനാകൂ. ആശയപരമായി യോചിക്കാനാകാത്തവരെ ധൃതിയില്‍ നമ്മളില്‍നിന്നകറ്റിയാല്‍ നമുക്ക് ലോകത്തിനുവേണ്ടി ചെയ്യാനാകുന്ന ഒരു സത് പ്രവര്‍ത്തിയില്‍നിന്നും നാം സ്വയം പിന്നോട്ടുപോകുകയാണ് ചെയ്യുന്നത്.

ഓണ്‍ലൈന്‍  കൂട്ടായ്മകള്‍ക്ക് നേരിടേണ്ട മറ്റൊരു വെല്ലുവിളി അനുഭവത്തിലൂടെ പലരും വ്യക്തിബന്ധങ്ങളിലേക്ക് ആഴത്തില്‍ വീഴുമ്പോള്‍ അഭിപ്രായങ്ങള്‍ക്ക് മൂര്‍ച്ചകുറയുന്നു.  ഗ്രൂപ്പുകളില്‍ ചെറിയഗ്രൂപ്പുകളായി തനിക്ക് അരുചികരമായ അഭിപ്രായങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കുന്നു. അത് വിശാല അര്‍ത്ഥത്തില്‍ അതിനെ നിലനിര്‍ത്താന്‍ പ്രയത്നിക്കുന്നവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് താനും. ചില ഗ്രൂപ്പുകളില്‍ നന്മയുടെ മനസ്സുകളായ നിരവധിപേരെ കാണുമ്പോള്‍ അത് പ്രായോഗികമായ ഒരു വശമുണ്ടായാല്‍ എത്രഗുണകരമെന്ന് ചിന്തയും ഉടലെടുക്കാറുണ്ട്. സത്യത്തില്‍ ആ ചിന്തയുടെ പ്രായോഗികതയുടെയും അപ്രായോഗികതയുടെയും വശങ്ങള്‍  ചര്‍ച്ചക്ക് വിധേയമാകേണ്ടതുണ്ട്. അടുത്ത കാലങ്ങളില്‍ മദ്ധ്യേഷ്യന്‍ ഇസ്ലാമിക് രാജ്യങ്ങളിലും അമേരിക്കയിലും മറ്റും ഭരണവര്‍ഗ്ഗത്തിനെതിരെയുള്ള മുന്നേറ്റങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്ക് ചെലുത്തിയിട്ടുള്ള സ്വാധീനം വലുതാണെന്ന് മറ്റു മാധ്യമങ്ങള്‍തന്നെ വിളിച്ചുപറയുന്നു. ഇത് പ്രായോഗിക വശങ്ങളിലൂടെ  ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ക്ക് സമൂഹത്തില്‍ സ്വാധീനം ചെലുത്താനാകുമെന്നതിന്‍റെ തെളിവുകളായാണ് കാണാനാകുക. ഒരു ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഉള്ള ആര്‍ക്കും കടന്നുവരാനാകുന്ന അതിവിശാലമായ സാഹ‍ചര്യത്തില്‍ ഓണ്‍ലൈന്‍  കൂട്ടായ്മകളെ വെറും നേരംപോക്കുകള്‍ക്കുള്ള വെടിപറച്ചില്‍ വേദിയില്‍ നിന്നും മനുഷ്യനെ മനുഷ്യത്വമെന്നതിന്‍റെ മഹത്വം ബോധ്യപ്പെടുത്തന്ന തരത്തില്‍ മനസ്സാക്ഷിയുള്ളവര്‍ ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യപ്പെടാനുള്ളത് . കാരണം സ്ത്രീകളും കുട്ടികളും നിര്‍ധനരും അത്രയധികം ചൂഷണംചെയ്യപ്പെടുന്ന ദുരവസ്ഥയാണ് ഇന്നുള്ളത് . ആരുടെയും വേദനകള്‍ പുറത്തേക്ക് സ്വയം കാണിക്കാനാകാത്തവിധം അഭിമാനബോധത്തിന്‍റെ വാക്മയങ്ങള്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ട്. അതില്‍ സ്വയം ചുരുങ്ങി ആത്മഹത്യയിലേക്കും വിഴുപ്പിലേക്കും വലിച്ചെറിയപ്പെടുന്നവര്‍ ധാരാളമാണ്. കൂടപ്പിറപ്പുകള്‍ വരെ അന്യരായി ജീവിക്കുന്ന സാഹചര്യങ്ങളിലേക്ക് മനുഷ്യബന്ധങ്ങള്‍ ആക്കിത്തീര്‍ക്കുന്നു അല്ലെങ്കില്‍ ആയിത്തീരുന്നു. നാട്ടിന്‍പുറങ്ങളില്‍ പോലും അയല്‍പക്കള്‍ പൊള്ളയായ  ജീവിതസാഹചര്യങ്ങള്‍ പരസ്പരം പ്രകടമാക്കുന്നു. ജനാധിപത്യത്തിലൂന്നിയ സ്വാതന്ത്ര്യം അനുഭവിക്കുമ്പോഴും ഇന്ന് സര്‍വ്വമേഖലയിലും മനുഷ്യ മസ്തിക്കത്തിലും മൂല്യശോഷണം സംഭവിച്ചിരിക്കുന്നു. വികലമായ വിദ്യാഭ്യാസ നയങ്ങളിലുടെ ഒരു പൗരബോധവുമില്ലാത്ത തലമുറ വളര്‍ന്നുവരുന്നത് നാളെകളില്‍ പൊതുസമൂഹത്തിന് നിയന്ത്രിക്കാനാകാത്ത ഭീഷണിയുയര്‍ത്തുമെന്നത് തര്‍ക്കമറ്റകാര്യമാണ് നവ സാങ്കേതികത്വങ്ങള്‍ ഇന്നത്തെ തലമുറയെ വലിയ സ്വാധീനം ചെലുത്തുന്നതിനാല്‍ അതിലൂടെ തന്നെ അവരെ ബോധവല്‍ക്കരിക്കുന്ന തരത്തിലുള്ള ശരിയായ കാഴ്ചപ്പാട് മുന്നോട്ട് വക്കുകയാണ് അതിനു കഴിയുന്നവര്‍ ചെയ്യേണ്ടത്.

18 September 2011

തെരുവുതന്നെ സ്വര്‍ഗ്ഗവും

പിറവിയൊരു പാപമോ,
പുലരികാണാന്‍ മഹാഭാഗ്യം
തന്നരൊമ്മ പാപിയോ

അറുതിയില്ല നിസ്വതക്കു-
മറിവില്ലതു മാറ്റുവാന്‍,
തെരുവുതന്ന രോഗവും

തെരുവുതന്നെ സ്വര്‍ഗ്ഗവും
തെരുതന്നെ നരകവും

ഒരുപിടി മണ്ണില്ലൊന്നു
തുപ്പുവാന്‍പോലും സ്വന്തമായ്
തുപ്പരുത് തെരുവിലെന്നൊരു
ചിത്രപ്പലക കണ്ടു ഞാന്‍
അറിവുപകരുമാലയങ്ങള്‍
അത്രയേറെ കണ്ടുഞാന്‍
അലയുമഭയം തേടുമെന്‍റെ
മിഴികളാരു കാണുവാന്‍

നിറങ്ങളെത്ര നേരിനായ്
വാനിലുയര്‍ന്നു പാറിടുന്നു
കരങ്ങളെത്ര പോരിനായ്
കൈയ്യുയര്‍ത്തി നിന്നടുന്നു

വാക്കുള്‍ക്ക് വിശപ്പടക്കാന്‍
ശക്തിയുണ്ടെന്നറിഞ്ഞു ഞാന്‍
തുടര്‍ച്ചകൊണ്ട് വാക്കിനെ
പഴിക്കതന്നെ പാപി ഞാന്‍

31 August 2011

ചോദ്യങ്ങള്‍...

ആരെയാണ് അനുഗമിക്കേണ്ടത്..

അവന്‍റെ ചങ്കിലെ നേരറിയാന്‍
ഏതു മുനകൊണ്ടാണ്
പിളര്‍ത്തി നോക്കേണ്ടത്..

സമത്വത്തിന്‍റെ തത്വവും
രക്തത്തിന്‍റെ സമസ്തവും
ചോപ്പണിഞ്ഞത് എന്തിനായിരുന്നു..

പെരുമഴയിലും കരിയുന്ന പുല്‍നാമ്പും
പൊരിവെയിലിലും
കൊഴുക്കുന്ന കാട്ടുപോത്തും
നിന്‍റെ ഉറക്കം കെടുത്തുന്നുവോ..

ശാന്തിതേടുന്ന ജന്മങ്ങള്‍
ഒരു കറുപ്പ് വരയിലേക്ക്
വിയര്‍പ്പും വിഴുപ്പും
കുത്തിനിറക്കുമ്പോള്‍
ആരാണ് നമ്മെ നോക്കി ചിരിക്കുന്നത്..
കളങ്ങളില്‍ വച്ച കരുക്കളില്‍
ജീവിതങ്ങള്‍ക്ക് വരണ്ട മുഖമോ..

നിലാവിന്‍റെ ചിരിപോലും കാണാതെ
സ്വപ്നം കൊണ്ട് തടവറ
തീര്‍ക്കുന്നതെങ്ങനെ..

ഈ തുടുപ്പിന് നിത്യതയിലേക്ക്
സ്വയമൊടുങ്ങതെ നിശ്ചലമാകാന്‍
ആരെയാണ് അനുഗമിക്കേണ്ടത്..

16 August 2011

വഴിപിരിയുമ്പോള്‍


ഹിമശൈലങ്ങളെ തഴുകുന്ന
വെണ്‍മേഘങ്ങളെപ്പോലെ
അവന്‍ അവളോടെ ചേ‍ര്‍ന്നിരുന്നു

കരള്‍ പകുത്ത്
തിരിച്ചറിയാനാകാത്ത വിധം
അവര്‍ ഒന്നായെന്ന്

ആലസ്യത്തില്‍ ഉറക്കത്തിലേക്ക്
വഴുതിവീണപ്പോള്‍
പോയകാലം സ്വപ്നങ്ങളില്‍
കടന്നവര്‍ വഴിപിരിഞ്ഞു
അവള്‍ പാടവരമ്പിലൂടെ
കതിരിന്‍റെ കനവും
കളയുടെ പരപ്പും കണ്ട്
ചാലുകളില്‍ നിന്ന് ചാലുകളിലേക്ക്
നീര്‍തെളിച്ച് സൂര്യനെ നോക്കി.

അവന്‍ തെരുവിന്‍റെ
പിന്നാമ്പുറങ്ങളിലൂടെ
രസഗുളയിട്ട ചില്ലുപാത്രത്തിലൂടെ
ഗ്രാമഫോണില്‍ നിന്നെഴുകിയ
ദേശിന്‍റെ നിമ്നോന്നതങ്ങിലൂടെ
അടുക്കളപ്പുരയുടെ
പിന്നിലെ അഴുകിയ പാത്രങ്ങളില്‍
അഴുക്കുവെള്ളത്തില്‍
അവന്‍റെ മുഖം തെളിയുന്നതും.



20 July 2011

ചില പക്ഷപാത ചിന്തകള്‍......

വലതുപക്ഷക്കാരായാണ് നാമെല്ലാവരും ജന്മമെടുക്കുന്നത്. ലിംഗം മുറിച്ചും, വെള്ളത്തില്‍ മുക്കിയും,ചരട് ചാര്‍ത്തിയും, ശൈശവത്തില്‍ തന്നെ മറ്റുചില മറ്റു ചില പക്ഷങ്ങളുടെ വിത്ത് പാകുന്നു. അമ്മയാണ് അവനിലെ സ്വാര്‍ത്ഥതയുടെ പക്ഷത്തിന്‍റെ ആദ്യരൂപം. ഒരു കുട്ടിയില്‍ നന്മയുടെ വെളിച്ചം പകരുന്നതില്‍ അമ്മയോളം പങ്ക് മറ്റാര്‍ക്കുമില്ല. ഖേദകരമായ അവസ്ഥയാണ് ചിന്ത എന്നത് തൊട്ടുതീണ്ടാത്ത നമ്മുടെ അമ്മമാരുടെ അവസ്ഥ. അമ്മയുടെ സ്നേഹത്തിനും വാക്കിനും അത്രയേറെ ശക്തിയുണ്ട്. അസ്തമയത്തില്‍ കൂമ്പിയ താമരയിതളില്‍പെട്ട വണ്ട് ഇതള്‍ തുളച്ച് പുറത്ത് കടക്കാറില്ലത്രെ. താമരഇതളിന്‍റെ തലേടലില്‍ അത്രയേറെ സൗഖ്യം അനുഭവിക്കുന്ന വണ്ട് പുലരുവോളം അതേറ്റുകിടക്കും. ഇങ്ങനെ ഒരോ അമ്മമാരും താമരഇതള്‍പോലെ തലോടി സ്നേഹവും നേരുമാണ് കുഞ്ഞിലേ പകര്‍ന്നു നല്കേണ്ടത്. പകരം വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ എന്‍റെ എന്‍റെ എന്ന് ചൊല്ലിപ്പടിപ്പിക്കുന്നു. ഒരോ വസ്തുവിലും തുല്യമായ പ്രകാശം പരത്തുന്ന സൂര്യന്‍റെ നീതി നാം കാണുന്നേയില്ല. അവന്‍ പളളിക്കാരന്‍ ഞാനമ്പലക്കാരന്‍ എന്ന് കുട്ടികള്‍ പുറത്തിറങ്ങുമ്പോ തിരിച്ചറിയുന്നു. നമുക്കത് തിരുത്താനുമാകുന്നില്ല. അങ്ങനെ ചെറുതിലെ പക്ഷപാതപരമായ അവന്‍റെ സ്വത്വം അവന്‍ തിരിച്ചറിയുന്നു. വലതുപക്ഷത്തിന്‍റെ മുഖമുദ്രയായ സ്വാര്‍ത്ഥത അവനില്‍ വേരുറപ്പിക്കുന്നു. യഥാര്‍ത്ഥ വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യ ഇടപെടലുകളിലൂടെയും മാത്രമേ എന്‍റെ എന്നതില്‍ നിന്നും നമുക്കും, നിനക്കും എന്ന ഇടതുപക്ഷ ചിന്തയിലേക്ക് എത്തിപ്പെടാന്‍ കഴിയുകയുള്ളു. അതിന് മാനസികമായ ഒട്ടേറെ വൈഷമ്യങ്ങള്‍ നേരിടേണ്ടതായും വരും.

വൈവിദ്ധ്യമാര്‍ന്ന പക്ഷപാതികളെക്കൊണ്ട് സമ്പന്നമാണ്(?) കേരളം. ഇതുപോലെ പക്ഷം കൊണ്ട് ഭിന്നമായിട്ടും കലാപം കൂടാതെ കഴിയുന്ന ജനസഞ്ചയം ഭൂലോകത്ത് വേറെയുണ്ടാവില്ല എന്നു തോന്നുന്നു.വലതുപക്ഷം, ഇടതുപക്ഷം, നിഷ്പക്ഷം, ന്യൂനപക്ഷം, തീവ്ര ഇടതു വലതു മത പക്ഷം, ഇങ്ങനെ നീളുന്നു പക്ഷങ്ങള്‍... പക്ഷങ്ങളുടെ ഉത്ഭവവും ചരിത്രവും മനശ്ശാസ്ത്രവും തേടിപ്പോയാല്‍ അതു മനുഷ്യന്‍റെ വികാസത്തിന്‍റെ ചരിത്രത്തോളം ചെന്നെത്തും.സ്വാര്‍ത്ഥതയുടെ പക്ഷംമനസ്സാണ് മനുഷ്യരാശിയെ ഇത്രത്തോളം അസമത്വത്തിലേക്കെത്തിച്ചത്. സ്വാര്‍ത്ഥത ജന്മം കൊണ്ട് എല്ലാവരിലും രൂഢമൂലമായ ഒന്നാണ് താനും. തിരിച്ചറിവോടെ കുരുന്നിലേ തിരുത്തിയാല്‍ മോത്രമേ അത് ഇല്ലാതാക്കാനാകൂ. എന്‍റെ അമ്പ് എന്‍റെ ഇര എന്‍റെ പോത്ത് എന്‍റെ വിള ഇങ്ങനെ കൈവശപ്പടുത്തിയതില്‍ ലഭ്യതയുടെ ഏറ്റക്കുറിച്ചിലുകള്‍ കൊണ്ട് ആദ്യ മനുഷ്യരില്‍ ഭിന്നതയുടെ മനസ്സ് രൂപപ്പെട്ടിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്. അമ്പെയ്ത്തില്‍ വൈദഗ്ദ്ധ്യം നേടിയവന് ഇര കൂടുതല്‍ കിട്ടുമെന്നതും നിസ്തര്‍ക്കമാണ്. ഇത്തരം വൈദഗ്ദ്ധ്യവും കയ്യൂക്കും ആദ്യകാലംതെട്ട് തന്നെ മനുഷ്യരില്‍ വ്യക്തി നിഷ്ഠതക്ക് കാരണഭൂതമായിട്ടുണ്ട്. മനുഷ്യന്‍ എന്‍റെ രാജ്യം എന്‍റെ പ്രജ എന്‍റെ അടിമ എന്‍റെ കൊട്ടാരം എന്ന തരത്തില്‍ വളര്‍ന്നു കൊണ്ടിരുന്നു. സ്വാര്‍ത്ഥതയുടെ നിഴലില്‍ വളര്‍ന്ന സമൂഹം പൈശാചികതയുടെ കൊടുമുടി താണ്ടിയപ്പോഴാണ്. നീ നിന്നപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക, ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കുക, ദാനം പുണ്യകര്‍മ്മം, ആശയാണ് നിരാശക്ക് കാരണം എന്ന പ്രവചനങ്ങളുമായി പ്രവാചകര്‍ ഉദയം ചെയ്തത്. വലതുപക്ഷ ചിന്തകൊണ്ട് അരാജകമായ സമൂഹത്തിലേക്ക് കുളിര്‍മഴ പോലെ പെയ്തിറങ്ങിയ ആദ്യ ഇടതുപക്ഷ ചിന്തകളായിരുന്നു അവയെല്ലാം. വിധിവൈപരീത്യം എന്നു പറയട്ടെ വലതുപക്ഷ ഭീകരന്മാര്‍ ഈ പ്രവാചകരെയും അവരുടെ ചിന്തകളെയും മൊത്തക്കച്ചവടം ചെയ്തെടുത്ത് നവചിന്തയുടെ വെള്ളി വെളിച്ചത്തില്‍ തൂങ്ങിയവരെ നാലു ചുവരുകളിലാക്കി വേദോപദേശങ്ങളുടെ അപ്പക്കഷണം നല്കി ആടുകളെപ്പോലെ വളര്‍ത്തിയെടുത്തു. യുക്തിയുടെ പെരുക്കംകൊണ്ട് മതിലിനത്ത് നിന്ന്കെണ്ട് വലതുപക്ഷ ചിന്തകള്‍ക്കെതിരെ തലപുണ്ണാക്കി തത്വം മെനയാന്‍ "കരിങ്കാലി" ചിന്തകര്‍ കുത്തിയിരുന്നു. സമൂഹത്തില്‍ പുരോഗമന ചിന്തകളുടെ നവലിഖിതങ്ങള്‍ കുറിക്കപ്പെട്ടു. സാങ്കേതികത്വത്തിനൊപ്പം മാനവിക ചിന്തകളും ഉടലെടുത്തു. അപ്പോഴും വലതുപക്ഷ കഴുകന്മാര്‍ അതെല്ലാം തന്‍റെ വരുതിയിലാക്കാന്‍ തക്കം പാര്‍ത്തിരുന്നു. തങ്ങളെ ബാധിക്കുന്ന ചിന്തകളുടെ പ്രക്ഷേപങ്ങളെ തച്ചുതകര്‍ക്കാന്‍ അവര്‍ സര്‍വ്വ ആയുധങ്ങളും മെനഞ്ഞെടുത്തു. ഈ ഘട്ടങ്ങളിലാണ് സ്ഥിതിസമത്വ ചിന്തകളും രൂപപ്പെടുന്നത്. പ്രഖ്യാപിത ഇടതുപക്ഷങ്ങളുടെ പിറവിയും ഇവിടെ നിന്നാണ്. അതിന്‍റെ വളര്‍ച്ചയിലും അതിന്‍റെ സാരഥിത്വം വലതുപക്ഷ തെമ്മാടികള്‍ കൈക്കലാക്കിയ ദയനീയ കാഴ്ചകളും നാം കണ്ടുകഴിഞ്ഞു.

ശരിയായ ഇടതുപക്ഷ മനസ്സ് രൂപപ്പെടുന്നത് ശരിയായ അറിവിലൂടെയാണ്,. പുരോഗമനപരമായ സംസ്കാരത്തിലൂടെയാണ്, വിവേകത്തിലൂടെയാണ്. സഹജീവികളോട് സഹാനുകമ്പയും സഹൃദയത്വവും കാണിക്കാനാകുന്നത് മനുഷ്യത്വം തിരിച്ചറിയുമ്പോഴാണ്. അസമത്വത്തില്‍ നിന്ന് സമത്വത്തിലേക്ക് എത്തിപ്പെടാന്‍ ജീവിതം ഉഴിഞ്ഞ് വച്ച് തത്വം മെനഞ്ഞ താടിക്കാരനും കലര്‍പില്ലാത്ത ആഗ്രഹം സ്ഥിതിമത്വപൂര്‍ണ്ണമായ ഒരു ലോകം തന്നെയായിരിക്കും. അതിലേക്ക് ഇത്രയേറെ ജനലക്ഷങ്ങളെ ആകര്‍ഷിച്ചതും സമത്വസുന്ദര നവലോകത്തിന്‍റെ മായാ സ്വപ്നമായിരിക്കും. തനിക്ക് കഴിയുന്നത്ര സമൂഹത്തിനുവേണ്ടി നല്കുകയും തനിക്ക് ആവശ്യമുള്ളതു മാത്രം സമൂഹത്തില്‍ നിന്ന് എടുക്കുകയും ചെയ്യുക എന്ന മനോനില ഓരോരുത്തര്‍ക്കും കൈവരുന്ന ജനസമൂഹത്തിലേ സ്ഥിതിസമത്വം പൂര്‍ണ്ണമാകൂ. വലതുപക്ഷ കെട്ടുപാടുകളില്‍ നിന്ന് ഇടതുപക്ഷ മനസ്സിലേക്ക് കയറിച്ചല്ലണമെങ്കില്‍ ആര്‍ജ്ജിതമായ അറിവിന്‍റെയും അന്വേഷണത്തിന്‍റെയും ത്വര വേണം. നേരായ വിദ്യാഭ്യാസവും കാഴ്ചപ്പാടും ഇല്ലാത്ത സമൂഹത്തില്‍ അത്തരത്തില്‍ സഹൃദയത്വം വാര്‍ത്തെടുക്കാന്‍ കഴിയുക എന്നത് ദുഷ്കരമാണ്. ഭരണകൂടം പക്ഷം തിരിച്ച് ക്ഷേമം വലിച്ചെറിയുന്ന കാലത്തോളം നമ്മള്‍ മോചനമില്ലാതെ തുടരും. സ്വാര്‍ത്ഥതക്കും മേനിനടിക്കലിനും വേണ്ടിയും, അന്ധമായ വീക്ഷണംകാണ്ടും, നിരാശകൊണ്ടും സമൂഹം ഇത്രയേറെ ദുഷിച്ച കാലഘട്ടത്തിലും വയറുമുറുക്കി എല്ലുമുറിയെ പണിയെടുക്കുന്ന നിഷ്പക്ഷമതികളും നമ്മുടെ സമൂഹത്തില്‍ കുറവല്ല. ന്യൂനപക്ഷമെന്ന് പറഞ്ഞ് ആനുകൂല്യങ്ങള്‍ നേടിയെടുത്ത് കൊള്ളചെയ്യുന്നവരും കുറവല്ല. ന്യൂനപക്ഷത്തിന്‍റെ തിണ്ണനിരങ്ങേണ്ട ഗതിയാണ് മകന് ഒരു സീറ്റ് കിട്ടാന്‍ എന്ന് ഒരു ഭൂരിപക്ഷക്കാരന്‍ വിളിച്ചു കൂവുന്നത് ഈയടുത്ത് കേട്ടതാണ്. ജനമനസ്സുകളില്‍ അറിവിന്‍റെ വെട്ടം നല്കാതെ തീവ്ര പക്ഷം കൊണ്ട് സ്വര്‍ഗ്ഗം പണിയാനാകുമെന്ന് ധരിക്കുന്ന പക്ഷക്കാരും രക്തരൂക്ഷിതമായ സമൂഹത്തെ മാത്രമേ സൃഷ്ടിക്കയുള്ളു. സംഘടിത ജനമാണ് ഏറ്റവും വലിയ ശക്തിയെന്ന് പ്രസ്താവിക്കുമ്പോഴും കോടികളായ മനുഷ്യജന്മങ്ങള്‍ നരഗയാതന അനുഭവിക്കുമ്പോഴും ജനസംഖ്യയുടെ തുലോം തുച്ഛമായ ഒരു സമ്പന്നവര്‍ഗ്ഗപക്ഷം ധൂര്‍ത്തിന്‍റെ പരമകോടിയില്‍ ജീവിക്കുന്നത് കാണാനാകാതെ, കണ്ടിട്ടും പറയാനാകാതെ, പ്രതിഷേധത്തന്‍റെ ചെറുവിരലനക്കാനാകാതെ തൂടരുന്നതിന്‍റെ മനശ്ശാസ്ത്രം എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല.

27 June 2011

ഞാന്‍ പറയുന്നില്ല..

പറക്കമുറ്റാത്ത കുഞ്ഞിനെ നീ
കാല്‍ചുഴറ്റിയെറിഞ്ഞപ്പോ
അറിയാതെയുള്ളൊന്നു പിടഞ്ഞതാ
മണ്ണിന്‍റെ ചുടലനൃത്തമെന്ന്
ഞാനെവിടെയും പറഞ്ഞീലാ..

മതിവന്ന് നീ കൈതുടക്കും നേരം
വിശപ്പിനാല്‍ അതിതീക്ഷ്ണ
നൊമ്പരം പേറുന്ന കണ്ണിനെ
മുന്നില്‍ക്കണ്ടരിശം തീര്‍ത്താട്ടിയപ്പോ
തളം കെട്ടിയ കണ്ണുനീരാണ്
അതിവര്‍ഷത്തിലെ പ്രളയമെന്നും
ഞാന്‍ പറഞ്ഞീലാ..

മൃതിയോളം വേദനവിഴുങ്ങി
നിന്നെ ജീവിതസരണിയിലാക്കിയ
മാതൃജീവനൊടുങ്ങും മുമ്പേ
ശവക്കുഴിയൊരുക്കിയപ്പോ
എന്‍റെ ഹൃദയതാളം മുറിഞ്ഞാ
ഇടിമുഴക്കമായെത്തുന്നതെന്നും
ഞാന്‍ പറഞ്ഞീലാ..

ചോരക്കുഞ്ഞിന്‍റെ ചുണ്ടിലും
രതിഭോഗംചെയ്യും നരാധമന്‍
ജാമ്യംതേടി പൊതുവേദിയില്‍
സദാചാരം വിളമ്പികേട്ടപ്പോ
വന്ന കോട്ടുവായാണ്
കൊടുങ്കാറ്റായതെന്നും
ഞാന്‍ പറഞ്ഞീലാ..

കൊതിപ്പിച്ച് കൊതിപ്പിച്ച്
തിരയടങ്ങുവോളം നീ രമിച്ച്
പിന്നെ പുഴുവരിച്ച്, ചിതലരിച്ച്
ഒടുങ്ങാതെയാകുമ്പം
എന്നിലേക്കെത്തു‌വാന്‍
എന്‍റെ കനിവിനാല്‍ ചൊരിയുന്നതാ
രാത്രിമഴയെന്നും ഞാന്‍ പറഞ്ഞീലാ..

ഞാന്‍ പറയുന്നില്ല..
ഒരു നുര, തിരയായ്
ആകാശംമുട്ടെ വളരാന്‍ കൊതിച്ച്
കാത്തിരിക്കുന്നത്
ഞാന്‍ പറയുന്നില്ല..

17 June 2011

ഈ ആകാശമെന്തിനാ തുറിച്ചുനോക്കുന്നേ?

ചുറ്റുമതിലിന്‍റെ
തെക്കുവടക്ക് വശങ്ങളില്‍
നിഴല്‍ പാത്തിവച്ചി-
റങ്ങുമ്പോഴാണ്
ഇവിടെ പ്രഭാതമെത്തുന്നത്

അഴികള്‍ക്കിപ്പുറം
വെയില്‍ കളം വരക്കുമ്പോള്‍
പുലഭ്യം ഞങ്ങളെ
നിത്യവും വിളിച്ചുണര്‍ത്തും

വക്കുകറുത്ത വെള്ളപ്പാത്രവും
വാക്കുകറുത്ത വാര്‍ഡനും
വാനോളം ഉയര്‍ന്ന്
ചക്രവാളം മറച്ച
കുമ്മായവെളുപ്പിന്‍റെ
നിസ്സംഗതയും
നിത്യവും ഒരേ കാഴ്ച


താനറിയാതെ
മായം കലര്‍ന്നെത്തിയ
പീടികക്കാരന്‍ മുഹമ്മദും,
വിലക്കുതന്ന വ്യാജനെ
തിരിച്ചറിയാതെത്തിയ
മീന്‍കാരന്‍ ഔസേപ്പും,
മനസ്സറിയാതെ മരണം
വിധിച്ച മാധവനും
അവരുടെ അമേദ്ധ്യത്തിനും
ഒരേ നിറം ഒരേ ഗന്ധം

വരകള്‍ക്ക് പുറത്ത്
നീതിപുലരാന്‍ വരകള്‍-
ക്കകത്തിടം നേടിയവര്‍

എല്ലാവര്‍ക്കും ഒരേ ചോദ്യം.
ഈ ആകാശമെന്തിനാ
എപ്പോഴുമിങ്ങനെ
തുറിച്ചുനോക്കുന്നേ?

10 June 2011

ഭിക്ഷ

വിധിയേത് കൊണ്ടമ്മേ
എന്‍ വിരല്‍ത്തുമ്പിലീ
ഭിക്ഷാപാത്രം ചേര്‍ത്തുവച്ചു

കാലുറക്കും നാള്‍കളില്‍
കൈകളില്‍ തന്നപ്പോള്‍
കളിപ്പാട്ടമാണന്നേ ധരിച്ചതുള്ളു

കനിവിന്‍റെ പുച്ഛം
കലര്‍ന്നെത്തും തുട്ടുകള്‍
പറയാതെയെന്നോട്
പറഞ്ഞുതന്നു

ചിരിനല്‍കിയെന്നെ
മണിമുകിലേറ്റുന്ന
കളിപ്പാട്ടമല്ലെന്ന്
ഞാനറിഞ്ഞു

വിശപ്പിന്‍റെ സൂര്യന്‍
ഉച്ചിയിലെത്തുമ്പോള്‍
വിരല്‍ത്തുമ്പിലൊട്ടി
ച്ചേര്‍ന്നൊരാപ്പാത്രം
തണലായി എന്നും
കൂടെ നിന്നു

കുറവിന്‍റെ ബാഹുല്യം
കൊണ്ടൊരു ശൂന്യത
എന്നുമാ പാത്രത്തില്‍
നിറഞ്ഞു നിന്നു

അവജ്ഞയോടെങ്കിലും
ഒരരിമണി നീട്ടിടുമ്പോള്‍
കരളിലെന്‍റെ ഒരുനുള്ളു
കലര്‍ത്തീടുവാന്‍
അറിയാതെയുള്ളം
കൊതിച്ചുപോയി.

09 June 2011

നീയെടുക്കുക..

നീയെടുക്കുക....
അണുവിന്‍റെ അളവോളം
എത്താത്ത ഉണ്മതന്‍
തിരിനാളം നീയെടുക്കുക..

ഇടിമുഴക്കങ്ങള്‍ക്കൊടുവില്‍
നിശ്ശബ്ദമായെത്തുന്ന
ക്ഷിപ്രസ്ഫുരണങ്ങളില്‍
കൊരുത്തുഞാന്‍
നിന്നിലേക്കെത്തട്ടെ!
നീയെടുക്കുക..

ശിലപോല്‍ മരവിച്ച
വിണ്ണിന്‍റെയാഴത്തില്‍
നീന്തിത്തുടിക്കണം

ചക്രവാളങ്ങളില്‍
ഘനശൈലശയ്യയില്‍
അഗ്നിയെപ്പുണര്‍ന്നല്‍പം
ശയിക്കണം

കൊടുംങ്കാറ്റിന്‍റെ
കരളിലേക്കാഴ്ന്ന്
നക്ഷത്രങ്ങള്‍ക്കുമപ്പുറം
സര്‍ഗ്ഗവിസ്മയം നുകര്‍ന്ന്
നിന്‍റെ ശവകുടീരവും
രക്തം തുടിക്കുന്ന
ഹൃദയങ്ങള്‍ പൂത്ത
ഉദ്യാനവും കാണണം

പിന്നെ...
പേറ്റുനോവിന്‍റെ
തീക്കനലാറും മുമ്പേ
നീയെടുത്തൊരായിരം
പൈതലിന്‍
പരിഭവം കേള്‍ക്കണം

ഒടുവില്‍....
ഒരു പോക്കന്‍ മഴയിലെ
ഒരൊറ്റത്തുള്ളിയായ്
നിപതിച്ച്
ഒരു കുഞ്ഞിന്‍റെ കവിളില്‍
തെറിച്ച്
ആ ചിരിയില്‍ ലയിച്ച്
പ്രപഞ്ചമാകെ പടരണം.
നീയെടുക്കുക...

അണുവിന്‍റെ അളവോളം
എത്താത്ത ഉണ്മതന്‍
തിരിനാളം നീയെടുക്കുക..

05 June 2011

നിശ്ചലം

ജീവിതത്തിന്‍റെ വരണ്ട
പാടശേഖരങ്ങളില്‍
നിര്‍ജലീകരണം സംഭവിച്ച
പശമണ്ണ് പഞ്ചഭുജങ്ങളായി
ഭിന്നിച്ച് നിന്നു.

ഒരുമയില്‍ സഫലമാകുന്ന
ഒരായിരം സ്വപ്നങ്ങളുടെ
കൊയ്ത്തുപാട്ട്
മണ്ണിന്‍റെ മാറില്‍ തേട്ടിവന്നു

പൈതൃകമെല്ലാം ചരക്കാക്കി
ശവംതീനിപ്പക്ഷികള്‍
കാവലിരുന്നു.
വിലക്കുവാങ്ങിയ അഴുക്കുവെള്ളം
തലക്കുമുകളില്‍നിന്ന് അന്നനാളം വഴി
അടിവയറ്റിലെത്തിയപ്പോള്‍
കുട്ടിയുടെമുഖത്ത് പരസ്യത്തിളക്കം

ചിന്തകളും ശരീരവും
സ്വീകരണമുറിയുടെ
കോണുകളില്‍ നിക്ഷേപിച്ച്
അനുസരണയുള്ള പ്രജയാകാന്‍
മനുഷ്യക്കോലങ്ങള്‍ മത്സരിച്ചു.

സത്യത്തിന്‍റെ വഴികള്‍

രക്തത്തിന്‍റെ ശോണിമയെല്ലാം
സായാഹ്നസൂര്യന്‍ അപഹരിച്ചു.

പോരാളികളെല്ലാം മൂന്നുകാലുള്ള*
ഇരിപ്പടങ്ങള്‍ തേടി.

സങ്കീര്‍ണ്ണതകളില്‍ അസ്വസ്ഥരാകുന്ന
യുവത്വം ചീവീടുകളുടെ ശബ്ദത്തില്‍
പരസ്പരം വിളിച്ചുണര്‍ത്തി.

ദൃശ്യങ്ങള്‍ കവര്‍ന്ന തലച്ചോറിന്‍റെ
ശൂന്യതയില്‍ ചിലന്തികള്‍ വലതീര്‍ത്തു

കട്ടിപ്പുസ്തകത്തിന്‍റെ ആലങ്കാരികതയില്‍
സാംസ്കാരിക പൊയ്മുഖം പല്ലിളിച്ചു.

കാമാഗ്നിയുടെ കറുത്ത നാളങ്ങള്‍
കരിയുടെമേല്‍ നൃത്തംവച്ചു.
പുഴയുടെ അഗാധങ്ങളില്‍
ചിതലുകള്‍ കൂടൊരുക്കി.

ശാന്തിതേടുന്ന കഴുതകള്‍
അനുഗ്രഹം നിറച്ച പൊതികള്‍ക്ക്
ഉറക്കമൊഴിഞ്ഞ് കാത്തുനിന്നു.

അനുനയത്തിന്‍റെ ഭാഷണങ്ങളില്‍
വിപ്ലവകാരികള്‍ ശീതീകരിച്ച
ചെറ്റക്കുടിലുകളില്‍ അഭയംതേടി

നിറങ്ങളുടെ പക്ഷപാതങ്ങളില്‍
മഴവില്ലുകള്‍ക്ക് നിറംപോരാ
​എന്നുചൊല്ലി ഞാനും വെറുതെയിരുന്നു

(എത് പ്രതലത്തിലും അനുയോജ്യം)

യാത്ര

നീണ്ട യാത്രക്ക് ഒരുങ്ങുകയാണ്
ബ്രഡ് പീസുകള്‍ അടുക്കിയപോലെ
അവയെ ചേര്‍ത്തുവച്ചു

യാത്രയിലുടനീളം അവ
ഒരുമിച്ചു ദാഹിച്ചു
ഒരുമിച്ചു വിശന്നു

പാതയുടെ വളവുകള്‍ക്കും
ചരിവുകള്‍ക്കുമനുസൃതം
ചാഞ്ഞും ചരിഞ്ഞും
തെറ്റാതെ നിന്നു

തീഷ്ണമായ വെയിലില്‍
ഒരിറ്റുനീരിനായ് യാചിച്ചില്ല

കയ്കാലുകള്‍ നിവര്‍ത്താന്‍
ഇടവും ചോദിച്ചില്ല


നേരംപോക്കിനുള്ള
പ്രചണ്ഡ പ്രഹരത്തില്‍
കണ്ണീര്‍ വാര്‍ത്തില്ല

വഴിയോരത്തെ പച്ചപ്പില്‍
മനം കുളിര്‍ത്തില്ല

നിസ്സഹായതയില്‍
നിസ്സംഗതയില്‍ പരസ്പരം
അനുസരണയുള്ളവരായി

നാളെ നമ്മുടെ വിശപ്പകറ്റാന്‍
സംവേദനങ്ങള്‍ക്ക് വിടനല്‍കി
ഒരുങ്ങുകയായിരന്നു.

02 June 2011

അവള്‍

സദാചാരത്തിന്‍റെ കാവല്‍ നായ്ക്കള്‍
പൂമരത്തിനു ചുറ്റും കുരച്ചുനിന്നു

വിലപറയുന്ന പോത്തിനെ സ്മരിച്ചുകൊണ്ട്
കാല്‍ വിരലിനാല്‍ ചിത്രം വരച്ച ദിനങ്ങള്‍

വിരുന്നുകാര്‍ ചായകഴിഞ്ഞ് മടങ്ങുമ്പോള്‍
അമ്മയുടെ നെഞ്ചില്‍ കനല്‍മഴ

ഇറച്ചിയുടെ നിറവും ചുമട്ടുകൂലിയും
തമ്മിലുള്ള വൈരുദ്ധ്യം കൊണ്ട്
ഇരുട്ടുമുറിയിലവള്‍ തപസ്സിരുന്നു

ഒടുവില്‍...തേരിലെത്തുന്ന രാജകുമാരനെത്തേടി
സ്പനത്തിലേക്ക് തേരേറിപ്പോയവള്‍

പുരനിറയലിന്‍റെ വീര്‍പ്പുമുട്ടലുകളില്‍ നിന്ന്
പുരയിറങ്ങിപ്പോയവള്‍
പര്‍വ്വതങ്ങളിലും ആകശച്ചരിവിലും
ജീവിച്ച് എനിക്കൊപ്പം നടന്നവള്‍

എന്‍റെ കണ്ണുകളില്‍ സൂര്യനുദിക്കന്നു...
എന്‍റെ ചുറ്റിലും വിഷസര്‍പ്പങ്ങള്‍...
എന്‍റെ കാതുകളില്‍ കടലിരമ്പല്‍...

അമ്മയോടുള്ള വിലാപങ്ങളില്‍
അയഥാര്‍ഥങ്ങളുടെ വേലിയേറ്റങ്ങള്‍

ബ്രഹ്മാണ്ഡം മുഴുങ്ങുമാറുച്ചത്തില്‍
അവള്‍ നിലവിളിച്ചുകൊണ്ടിരുന്നു

കാല്‍ച്ചിലമ്പിന്‍റെ ആരവംപോല്‍
അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു

ഭ്രാന്തമെന്ന് പിറുപിറുക്കുന്നവര്‍ക്കിടയില്‍
വിഭ്രാന്തിയുടെ സ്വാതന്ത്ര്യത്തില്‍
മഴയറിയാതെ..വെയിലറിയാതെ..
തുടക്കവും ഒടുക്കവുമറിയാതെ..

10 May 2011

നശിച്ചൊരോര്‍മ്മകള്‍..

പുറകിലെ കാലം പിടിച്ചുവലിച്ചെന്‍റെ
ഹൃദയത്തിന്‍ ഭിത്തി മുറിച്ചിടുന്നു
സിരകളില്‍ ശീത രക്തം നിറച്ചു ഞാന്‍
കാലത്തിനൊപ്പം കഴിഞ്ഞിടട്ടെ!

വെന്തുചുമന്ന കാരിരുമ്പിന്‍മുന
ചങ്കിലമര്‍ന്ന് പിടഞ്ഞിടുമ്പോള്‍
നേരിന്‍റെ മുദ്രകള്‍ നീട്ടിവിളിച്ചുകൊ
ണ്ടമ്മയെപ്പോലും തഴഞ്ഞൊരൂറ്റം..

ശിലകെട്ടിയാഴത്തിലാക്കിയൊരോര്‍മ്മകള്‍
ജീര്‍ണ്ണിച്ച് ജീവന്‍ വച്ചിടുന്നോ?
പുതിയലോകത്തിന്‍റെ പടിപ്പുരവാതിലില്‍
വാലാട്ടി ജീവിതം തീര്‍ത്തിടട്ടെ!


എവിടെയോ പതുങ്ങിയിരിപ്പുണ്ട്

ചുവപ്പ് നാടക്കുള്ളില്‍
കൊരുത്ത് കിടക്കുകയാണ്
ചുറ്റിലും ഇറുകിപ്പിടിച്ച പ്രാണികള്‍
പെട്ടന്നാണ് കലാമണ്ഡലം
ഹൈദരലിയുടെ കഥകളിപ്പദങ്ങള്‍...
നീളാതെ ഞെക്കി ചെവിയിലമര്‍ത്തി
മുഖവുരയില്ലാതെ മോഴി കേട്ടു

" മകള്‍ വയസ്സറിയിച്ചു "
ആനന്ദവും ആശങ്കയും
മുഖത്ത് പടരാന്‍ മത്സരിച്ചു

വീട്ടിലേക്ക് ചെറുതല്ലാത്ത ദൂരം
ടിക്കറ്റെടുത്ത് സീറ്റില്‍ തലചാച്ചു
എണ്ണയില്ലാത്ത മുടിയിഴകള്‍
കാറ്റില്‍ പിറകോട്ട്
വഴിയോരക്കാഴ്ച്ചകള്‍ അവ്യക്തം
ദൂരെനിന്നേതോ ചൂളംവിളി
ആര്‍ത്തലച്ച് അടുത്തടുത്ത്
അകന്നകന്നകന്ന്
കംപാര്‍ട്ട്മെന്‍റുകള്‍...
ഇടനാഴികള്‍....സ്റ്റേഷനുകള്‍....
വിജനമായ തെരുവുകള്‍...
ഒറ്റയടിപ്പാതകള്‍...
കുന്നുകള്‍.. കുന്നിന്‍ ചരിവുകള്‍...
കലാലയങ്ങള്‍.....കതിര്‍മണ്ഡപങ്ങള്‍....
എവിടെയോ, എവിടെയോ
ധമനികളില്‍ തിരയിളക്കം
എവിടെയോ, എവിടെയോ
പതുങ്ങിയിരിപ്പുണ്ട്.

പക്ഷം

സത്യത്തില്‍ നിങ്ങള്‍
ആരുടെ പക്ഷത്താ?

കാണിക്കയിട്ടു മടങ്ങവെ
കൈനീട്ടും വൃദ്ധന്‍റെ
കണ്ണീര്‍ കാണാത്ത ശുദ്ധന്‍റെ പക്ഷത്തോ?

വെറിപൂണ്ട കാമത്താല്‍
ചീന്തിയ പെണ്ണിന്‍റെ
മതമേതന്നറിഞ്ഞിട്ട്
മൗനം വെടിയുന്ന പുണ്യാള പക്ഷത്തോ?

വിഷമിറ്റിച്ചു നമ്മളെ
വികൃതമാക്കീടുവാന്‍
ഇളവുതേടും നവ കുത്തക പക്ഷത്തോ?

കൈത്താങ്ങായ് നില്ക്കേണ്ട
കാലത്തു പെറ്റമ്മയെ
തെരുവിലാക്കുന്ന പ്രവാസി പക്ഷത്തോ?
അറിവ് നല്‍കീടുവാന്‍
അറവ് ശാലകള്‍ കെട്ടും
വെള്ളരിപ്രാവിന്‍റെ ന്യൂനപക്ഷത്തോ?

രാഷ്ട്രീയമെല്ലാം കണക്കെന്ന്
പുലഭ്യം പുലമ്പുന്ന
വട്ടിപ്പലിശക്കാരന്‍ വിരുതന്‍റെ പക്ഷത്തോ?

സത്യത്തില്‍ നിങ്ങള്‍
ആരുടെ പക്ഷത്താ?

നിങ്ങള്‍ പക്ഷം പിടിച്ചോളു...

നിങ്ങടെ ഉണ്ണികള്‍
ഒരു തുള്ളിക്കായ്
ഒരു മഴകാത്തിരിക്കും കാലത്ത്,
ചാരത്തിരിക്കാന്‍ നിങ്ങല്‍
ചിരഞ്ജീവികളൊന്നുമല്ലല്ലോ!

09 May 2011

തീ തിന്നുന്നവര്‍

തെരുവിന്‍റെ കുന്നായ്മകളെ
തെറികൊണ്ടവള്‍ വേലികെട്ടി

പതിവ്രത ചമഞ്ഞെന്ന പകലിന്‍റെ
പരദൂഷണം പുഛിച്ചു തള്ളി

ഇരുളിന്‍റെ മറവില്‍ തിളക്കു
ന്നൊരഗ്നിയെ വിഴുങ്ങാനവള്‍
പകലന്തിയോളം തണുപ്പിനെ
ആവാഹിച്ച് കാത്തിരുന്നു

തടയുവാനാകാത്ത തീനാളങ്ങളാല്‍
അരാജകമാകാതെ ഇവിടം കാക്കുന്ന
ഈ തീവിഴുങ്ങിപ്പക്ഷികളെ
നാമെന്തുവിളിക്കും?

എല്ലാം ദഹിപ്പിക്കുന്നൊരഗ്നിയെ
പുല്ലായ് വിഴുങ്ങന്നവര്‍ക്ക്
വിളിപ്പേര് എന്തായാലെന്താ!



കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...