13 March 2016

ഇഷ്ടമില്ലാത്തത്

വീട്ടില്‍ കാണാന്‍ ഇഷ്ടമില്ലാത്തത്- 
പെണ്ണുങ്ങളുടെ പിണങ്ങിയ മുഖം
നാട്ടില്‍ കാണാന്‍ ഇഷ്ടമില്ലത്തത് - 
പണം വാങ്ങിയ സാധാരണക്കാരന്‍ ജോലി കഴിഞ്ഞ് വരാന്‍ കാത്തുനില്‍ക്കുന്ന പലിശക്കാരനെ
റോഡില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് - 
ഫ്ലെക്സ് ബോര്‍‍ഡുകള്‍, വേസ്റ്റു കൂമ്പാരം
ഫേസ്ബുക്കില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് - 
ടിപിയുടെ വെട്ടിക്കൂട്ടിയ മുഖം
രാഷ്ട്രീയത്തില്‍ കാണാന്‍ ഇഷ്ടമില്ലാത്തത്-
അലക്കിത്തേച്ച് വെള്ള വസ്ത്രം "മാത്രം" ധരിച്ച് നടക്കുന്നവരെ
പുഴയില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് - 
പ്ലാസ്റ്റിക് കുപ്പികള്‍
ടിവിയില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് - 
മലയാളം സീരിയലുകള്‍ (അതിന്‍റെ സംവിധായകരെ കുനിച്ച് നിര്‍ത്തി ഇടിക്കണം)
ആരാധനാലയങ്ങളില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് - 
ചുറ്റുമതിലും, പുരോഹിതരെയും
ബസ് യാത്രയില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് - 
പ്രായം ചെന്നവര്‍ നില്‍ക്കുമ്പോള്‍ ഇയര്‍ഫോണില്‍ പാട്ട് കേട്ട് ഇരുന്ന് യാത്ര ചെയ്യുന്നവരെ
സര്‍ക്കാര്‍ ഓഫീസില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് - 
മുഖത്ത് പോലും നോക്കാതെ തിരക്കാണ് അടുത്ത ദിവസം വരൂ എന്ന് പറയുന്ന കൈക്കൂലിക്കാരനെ
സ്കൂളില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് -
ജോലിയെന്നോണം പഠിപ്പിക്കാന്‍ വരുന്ന അദ്ധ്യാപകരെ
ആശുപത്രിയില്‍ കാണാന്‍ ഇഷ്ടമില്ലാത്തത് -
രോഗവിവരം പറഞ്ഞുതുടങ്ങും മുന്നെ മരുന്നെഴുതുന്ന ഡോക്ടറെ

ദേവാലയം


പച്ച പുതച്ചൊരു മണ്ണിന്‍റെ നെഞ്ചകം
വെട്ടിയൊലിച്ച  ചെമ്മണ്ണില്‍ ചോരയില്‍
കെട്ടിയുയര്‍ത്തിയ ദേവാലയം പൂകും
രക്ഷകാ നീയെങ്ങനെ നിശ്ശബ്ദനാകുന്നിങ്ങനെ?


07 March 2015

ബഹുമാനപ്പെട്ട കെജ്രിവാളിനോട്,


ഞങ്ങള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങിയ താങ്കളുടെ ഈ വാക്യം ഓര്‍മ്മിക്കുമല്ലോ "മൂന്നാംകിട ഭരണത്തിന്‍റെ ഇരയായ ഒന്നാംകിട പൗരന്മാരാണ് ഭാരതീര്‍"

അഴിമതിയുടെ ശാപം കൊണ്ട് മരണാസന്നമായ ഈ മഹരാജ്യത്തിന്‍റെ അവസാന പ്രതീക്ഷ എന്ന നിലയിലാണ്  ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും, അതിന്‍റെ അമരക്കാരനായ താങ്കളെയും ഞങ്ങള്‍ സാധാരണക്കാര്‍ ഹൃദയത്തിലേറ്റിയത്. നിലവിലെ ഏത് രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്നും വിഭിന്നമായി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും, ചിന്താശേഷിയും, വിവേകവും, ലക്ഷ്യബോധവും ഉള്ള ഒരു നേതൃനിര ഈ പാര്‍ട്ടിക്കുണ്ടെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുകയും ഉള്ളാലെ അഹങ്കരിക്കുകയും ചെയ്തിരുന്നു. അഴിമതി രഹിതമായ ഒരു രാജ്യം സ്വപ്നം കാണെനെങ്കിലും അവസരം തന്ന ഈ പ്രസ്ഥാനത്തിന്,  രാജ്യത്തിലെ കോടിക്കണക്കിന് സാധാരണക്കാരായ ജനങ്ങള്‍ക്ക് അല്ലലില്ലാതെ ജീവിക്കാനുതകുന്ന ഒരു ഭരണക്രമം കൊണ്ട് വരാന്‍ കഴിയുമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.  സ്വന്തം നില്പിനായ് അഹോരാത്രം അദ്ധ്വാനിക്കുന്നതിനൊപ്പം തന്നെ ഈ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആയിരക്കണക്കിന് യുവാക്കള്‍ ഇന്ന് തയ്യാറായി നില്‍ക്കുന്നു. അങ്ങനെ പ്രതീക്ഷയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സാധാരണക്കാരായ ഞങ്ങളെ ഈ കഴിഞ്ഞ ദിവസം കേട്ട വാര്‍ത്തകള്‍ തികച്ചും നിരാശരാക്കി. ഉയര്‍ന്ന ബോധവും, അച്ചടക്കവും  പുലര്‍ത്തുന്ന നിങ്ങള്‍ക്ക് ഒരു മേശക്കു ചുറ്റുമിരുന്നു ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന വിഷയങ്ങള്‍ ഇപ്രകാരം പര്‍വ്വതീകരിച്ച് പൊതുമദ്ധ്യത്തിലേക്ക് വലിച്ചിഴച്ചത് തികച്ചും അനുചിതമായി. വിലകുറഞ്ഞ രാഷ്ട്രീയ ചര്‍ച്ചകളും നീക്കുപോക്കുകളും ഈ പാര്‍ട്ടിയില്‍ കാണാന്‍ ഞങ്ങള്‍ ഒട്ടും തന്നെ ആഗ്രഹിക്കുന്നില്ല.  തുടക്കത്തില്‍ പറഞ്ഞ അങ്ങയുടെ തന്നെ വാക്യം  "മൂന്നാംകിട ഭരണത്തിന്‍റെ ഇരയായ ഒന്നാംകിട പൗരന്മാരാണ് ഭാരതീര്‍" എന്നത് ആം ആദ്മിയെയും  വിലയിരുത്തെപ്പെടാന്‍  ഇടവരരുത്. ആയതിനാല്‍ തന്നെ രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് നിര്‍ഭാഗ്യവശാല്‍ പുറത്ത് പോകേണ്ടിവന്നവരെ പരസ്പരം ചര്‍ച്ചചെയ്ത് തിരികെ കൊണ്ടവന്ന് രാഷ്ട്രീയ ചരിത്രത്തില്‍ ആം ആദ്മി പാര്‍ട്ടി ഒരു പുതിയ മാതൃക സൃഷ്ടിക്കണമെന്ന് എളിമയോടെ അതി ശക്തമായി ആവശ്യപ്പെടുന്നു.

എന്ന് ഞങ്ങള്‍ സാധാരണക്കാര്‍

(ഈ അഭിപ്രായത്തോട് യോജിക്കുന്നവര്‍ ഇത് share ചെയ്യുമല്ലോ.)

02 July 2013

നീ മറ്റെന്തെല്ലാമാണ് കൊണ്ടുവച്ചത്?

നാട്ടുപെണ്ണിന് പച്ചടുപ്പും തുന്നി
തെളിനീര്‍ത്തുള്ളി ച്ചിരിവിടത്തി
വയലരോം ചേര്‍ന്നൊഴുകിയ 
പുഴയുടെ കൈവഴി 
നാട്ടാര് ചൊല്ലും പോലെ തോടല്ല
ചെറുപ്പത്തില്‍ ഞങ്ങള്‍ക്ക് നീ
പുഴതന്നെയായിരുന്നു

മുങ്ങാംകുളിയിട്ട് നീന്തിത്തുടിക്കാനും
മുട്ടോളം വെള്ളത്തില്‍
മീനിനായോടിക്കളിക്കാനും
ആമ്പല്‍ പറിക്കാനും
അലക്കിക്കുളിക്കും പെണ്ണിന്‍റെ
അഴകൊക്കെ കാണാനും
നീയന്നൊഴുകിയത്
ഞങ്ങളുടെ ഹൃദയത്തിലായിരുന്നു

മണ്ണില്‍ കളിച്ചുവിയര്‍ത്തൊരു മേനിയെ 
പൊന്നായ് നീയന്ന് കാത്തിരുന്നു

പിന്നെയെപ്പോഴോ 
മഴകുറഞ്ഞിട്ടോ അണകെട്ടിയിട്ടോ
നിന്നിലെയൊഴുക്കെല്ലാം
പോയ്മറഞ്ഞു

ഞങ്ങള്‍ ജീവിതപ്പുഴയില്‍
നിലകിട്ടാതൊഴുകിയലഞ്ഞു

നീയങ്ങ് മെലിഞ്ഞ് മെലിഞ്ഞ്
മരണത്തോളമെത്തി

ഇടക്ക് ഞാന്‍ കണ്ടു
ചത്തകോഴിയും 
വയറ് വീര്‍ത്ത പട്ടിയും
മലവും മറുപിള്ളയും
ആര്‍ത്തവരക്തം കുടിച്ച 
പാഡും തുണികളും
കൊണ്ട് നീ ശ്വാസം മുട്ടുന്നത്

ഈ പ്രളയകാലത്ത്
വയറിളകിനീയൊഴുകിപ്പരന്നപ്പോ
നിന്‍റെ കഴുത്ത് ഞെരിച്ചവരുടെ മുറ്റത്തേക്ക്
മറ്റെന്തെല്ലാമാണ് കൊണ്ടുവച്ചത്?


21 January 2013

പോസ്റ്റ്മാന്‍

പോസ്റ്റ്മാന്‍ പപ്പന്‍ 
പടിക്കല്‍ നിന്നൊരു
മണിതൊടുക്കും
പടിക്കലേക്കെത്തുംവരെ
എത്രയെത്ര 
പ്രതീക്ഷകളാണ്
കവറിലേക്കൊളിഞ്ഞ്
നോക്കുന്നത്

സ്വപ്നങ്ങള്‍ ചുമക്കും
കുറിമാനങ്ങളെല്ലാം
കാന്തികവലയങ്ങള്‍
കട്ടെടുത്തു

പെരുപ്പിച്ച 
പലിശക്കണക്കിന്‍റെ
ശീട്ട് തരാന്‍ മാത്രമാണിന്ന്
ചുറുചുറുക്കുള്ള മണി മുഴുങ്ങുന്നത്
പടിക്കലേക്കെത്തുംവരെ
എത്രയെത്ര 
കോണുകളിലേക്കാണ്
കണ്ണെത്തിനോക്കുന്നത്?

ആരോടാണ് ചോദിച്ചറിയുക?

ആരുടെ 
ധര്‍മ്മോപദേശം
മദിച്ചതിനാലാണ്
ഈ കൊടിയ ഭാരവുംപേറി
സ്വയം തിരിഞ്ഞും 
പ്രദക്ഷിണം വച്ചും
കാലം തുടരുന്നതെന്ന്
ഭൂമിതന്നച്ചുതണ്ടി-
നോടാരായണം

സ്വയമുരുകി
ഊര്‍ജ്ജം പകര്‍ന്ന്
നിശ്ചലനായി
നിഷ്കാമ കര്‍മ്മമ-
നുഷ്ഠിക്കുന്നതേത്
ധര്‍മ്മനിഷ്ഠ-
കൊണ്ടെന്നര്‍ക്കനോടും
ചോദിച്ചറിയണം

മണ്ണിന്‍റെ
ദാഹമകറ്റും
മഴയോടും ചോദിക്കണം
ഏത് ധര്‍മ്മംപുലര്‍ത്താനാണ്
ഇടവേളകളിലെ-
ത്തിനോക്കുന്നതെന്ന്

അല്പായുസ്സെങ്കിലും
കണ്ണിനാനന്ദം പകര്‍ന്ന്
ചിരിക്കും പൂക്കളോടും
ചോദിക്കണം
ആരാണ് ധര്‍മ്മബോധം
പകര്‍ന്നതെന്ന്

കാറ്റും കമ്പനവും
ക്ഷണനേരം കൊണ്ടൊരു
മണ്‍കൂനയിലേക്ക്
സ്വപ്നങ്ങളെ 
അടക്കം ചെയ്യുന്നത്
ധര്‍മ്മോപദേശത്തിലെ
ഏത് പിഴവ്കൊണ്ടെന്ന്
ആരോടാണ് ചോദിച്ചറിയുക?

പഴകിയ നോട്ട്


മുഷിഞ്ഞ് കറുത്ത്
വിയര്‍പ്പിന്‍റെ ദുര്‍ഗ്ഗന്ധവും പേറി
വേരറ്റ ചെടിയുടെ ഇലപോലെ
തളര്‍ന്നിരുന്നാല്‍
ആരാണ് കൂടെക്കൂട്ടുക?

ചന്തപ്പെണ്ണിന്‍റെ അരക്കെട്ടിലും
വേശ്യകളുടെ മുലകള്‍ക്കിടയിലും
കിടപ്പറക്കരികിലും ഇരുട്ടിലും
കാലം കഴിച്ചൊരടയാളങ്ങള്‍

നിറം മങ്ങിയ നഗരത്തിന്‍റെ
ദ്രവിച്ച് പിന്നിയ ഭാഗത്ത് നിന്നാണീ
തുച്ഛമായ വിലയെന്‍ കൂടെച്ചേര്‍ന്നത്

അതിലെ
സത്യത്തിന്‍റെ കണ്ണുകളില്‍
രോഷത്തിന്‍റെ കനലുകള്‍
ചങ്ങലക്കുള്ളിലെന്നപോല്‍ 
പിടയുന്ന കാണാമായിരുന്നു

വിശപ്പിന് പകരം വക്കുമ്പോഴുള്ളൊ-
രാനന്ദം എവിടെയും കിട്ടിയില്ലത്രെ!

ചതിയുടെ വില ചൂതിനും 
മന്ത്രത്തിന്‍റെ വില മരുന്നിനും 
നേര്‍ച്ചവച്ചത് ലഹരിക്കും
പോയ വഴികള്‍

തെരുവിന്‍റെ പിന്നാമ്പുറങ്ങളില്‍
ചോപ്പ് മാറാത്ത ശരീരങ്ങളില്‍
കഴുകന്മാര്‍ ഭോഗാസക്തിക്കായ്
മറയാക്കുമ്പോള്‍ തന്നിലെ വിലയെ
സദാ ശപിച്ചുകൊണ്ടിരിക്കും

മുഴിഞ്ഞ് കറുത്ത്
വിയര്‍പ്പിന്‍റെ ദുര്‍ഗ്ഗന്ധവും പേറി
വേരറ്റ ചെടിയുടെ ഇലപോലെ
തളര്‍ന്നിരുന്നാല്‍
ഒരു ദുരന്തത്തിനും 
ഇരയാകേണ്ടിവരില്ലെന്നോ?